വന്യമൃഗ ശല്യത്തിനെതിരേ ഒരു ദിവസത്തെ സമരം
1593363
Sunday, September 21, 2025 5:57 AM IST
നിലന്പൂർ: വന്യമൃഗ ശല്യം തടയാൻ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘം ജില്ലാ കമ്മിറ്റി നിലന്പൂർ ഡിഎഫ്ഒ ഓഫീസിന് മുന്നിൽ ഒരു ദിവസത്തെ സമരം നടത്തും.
വന്യമൃഗ ശല്യം തടയുന്നതിൽ കർഷകരോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക, വനാതിർത്തികളിൽ സൗരവേലി സ്ഥാപിക്കുക, വന്യമൃഗശല്യം തടയുന്നതിനായി വണ്ടൂർ, നിലന്പൂർ, ഏറനാട് മണ്ഡലങ്ങളിലേക്ക് വയനാട് എംപി ഫണ്ട് അനുവദിക്കാൻ തയാറാവുക, സർക്കാർ തീരുമാന പ്രകാരം വെടിവച്ച് കൊല്ലുന്ന കാട്ടുപന്നികളുടെ മാംസം ഉപയോഗിക്കാൻ അനുമതി നൽകുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് നിലന്പൂർ സൗത്ത്, നോർത്ത് ഡിഎഫ്ഒ ഓഫീസിന് മുന്നിൽ 30ന് സമരം നടത്തുന്നത്.
സമരം രാവിലെ 9.30 ന് കേരള കർഷക സംഘം സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്യും. വന്യമൃഗ ശല്യം തടയാൻ വനം-വന്യജീവി നിയമത്തിൽ ഭേദഗതി ബിൽ പാസാക്കിയ എൽഡിഎഫ് സർക്കാരിന് കേരള കർഷക സംഘം ജില്ലാ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സമരം രാവിലെ ഒന്‍പതിന് ആരംഭിച്ച് വൈകുന്നേരം അഞ്ചിന് സമാപിക്കും. സമരം വിജയിപ്പിക്കാൻ നിലന്പൂരിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കേരള കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.എം. ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എം. സുകുമാരൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സുന്ദർരാജൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. ഹരിദാസൻ, എടക്കര ഏരിയ സെക്രട്ടറി എ.ടി. റെജി, നിലന്പൂർ ഏരിയ സെക്രട്ടറി വി.പി. സജീവൻ, എടക്കര ഏരിയ പ്രസിഡന്റ് വി.കെ. ഷാനവാസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി.എം. ഷൗക്കത്ത് (ജനറൽ കണ്‍വീനർ), എം. സുകുമാരൻ, എ.ടി. റെജി (കണ്‍വീനർമാർ), ഇ. പദ്മാക്ഷൻ (ചെയർമാൻ), ടി. രവീന്ദ്രൻ, കെ. മോഹനൻ (വൈസ് ചെയർമാൻമാർ), വി.പി. സജീവൻ (ഖജാൻജി).