നിലന്പൂർ ഗവണ്മെന്റ് കോളജിനുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി
1594071
Tuesday, September 23, 2025 7:19 AM IST
പൂക്കോട്ടുംപാടം: അമരന്പലം പഞ്ചായത്തിൽ അനുവദിച്ച നിലന്പൂർ ഗവണ്മെന്റ് കോളജിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയായി. നിലന്പൂർ-പൂക്കോട്ടുംപാടം റോഡരികിൽ തൊട്ടേക്കാട് അഞ്ചേക്കർ സ്ഥലമാണ് കോളജിനായി കണ്ടെത്തിയിരുന്നത്.
സ്ഥലമുടമ ഭൂമി രജിസ്റ്റർ ചെയ്തു നൽകി. കോളജിലേക്കുള്ള വഴിക്കായി 50 സെന്റ് സ്ഥലം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് ആസ്തിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്നലെയാണ് നിലന്പൂർ സ്പെഷൽ തഹസിൽദാർ കെ. ശബരിനാഥന് മുന്പാകെ നടപടികൾ പൂർത്തിയാക്കിയത്.
വിവിധ വകുപ്പുകളുടെ ചുവപ്പുനാടകളിൽ കുരുങ്ങി സ്ഥലം ഏറ്റെടുക്കലും നിർമാണ പ്രവൃത്തിയും ഏറെക്കാലം നീണ്ടുപോയിരുന്നു. ഒരു ഘട്ടത്തിൽ കോളജ് തന്നെ നഷ്ടപ്പെടുമോ എന്ന അവസ്ഥയിൽ നിന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും പൊതുപ്രവർത്തകരുടെയും അശ്രാന്ത പരിശ്രമമാണ് ഭൂമി ഏറ്റെടുക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. അവസാനമായി ഭൂമിയുടെ വില ആദ്യഘട്ടത്തിൽ അനുവദിച്ച 1,25,32,414 രൂപയിൽ നിന്ന് 3,95,80,365 രൂപയാക്കി പുതുക്കി നൽകിയതോടെയാണ് ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാൻ കഴിഞ്ഞത്. കിറ്റ്കോ ലിമിറ്റഡ് നൽകിയ പുനരവലോകന നിർദേശം പ്രകാരമാണ് തുക വർധിപ്പിച്ചത്.
അടുത്ത ആഴ്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഭൂമി ഏറ്റെടുത്ത നടപടി പ്രഖ്യാപിക്കുന്നതോടു കൂടി നടപടിക്രമങ്ങൾ പൂർത്തിയാകും. കെട്ടിട നിർമാണവും ഉടൻ ആരംഭിക്കാൻ കഴിയും. നിലവിൽ കെട്ടിട നിർമാണത്തിനായി 12 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. കോളജിനായുള്ള കെട്ടിട നിർമാണം ഉടൻ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ അറിയിച്ചു. കിഫ്ബിക്കാണ് കെട്ടിട നിർമാണ ചുമതല.