ആരോഗ്യ മേഖലയിലെ സർക്കാർ പദ്ധതികൾ വിജയകരം: മന്ത്രി വി. അബ്ദുറഹ്മാൻ
1594072
Tuesday, September 23, 2025 7:19 AM IST
നിലന്പൂർ: ആരോഗ്യ മേഖലയിൽ സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികൾ വിജയകരമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ. നിലന്പൂർ നഗരസഭയിലെ മുമ്മുള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഇ-ഹെൽത്ത് കാർഡ് വിതരണവും സ്ത്രീ ക്ലിനിക്കിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്. ആരോഗ്യ മേഖലയിലെ എല്ലാ പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ ആരോഗ്യ വകുപ്പിന് സാധിച്ചിട്ടുണ്ട്.
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നൽകുന്ന സേവനങ്ങളിലൂടെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നു. ആശുപത്രികളിൽ മുന്‍പുണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോൾ. പുതിയ കാലത്തിനനുസൃതമായി പുതിയ രോഗങ്ങളുമുണ്ട്. അവയെ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകരുടെ സേവനം വലുതാണ്.
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെ നൂതന സേവനങ്ങൾ നമ്മുടെ നാട്ടിലും ഉടൻ പ്രാവർത്തികമാക്കും. വാടക കെട്ടിടത്തിലെ മുമ്മുള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് സ്വന്തം കെട്ടിടം നിർമിക്കാനുള്ള ഫണ്ട് നീക്കി വച്ച് ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലന്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു. മന്ത്രി വിതരണം ചെയ്ത ഇ-ഹെൽത്ത് കാർഡിലെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് വേണം ഒപി ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാൻ. ആരോഗ്യവകുപ്പ് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി. അനൂപ്, നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കക്കാടൻ റഹീം, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ പി.എം. ബഷീർ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സ്കറിയ ക്നാംതോപ്പിൽ, കൗണ്‍സിലർമാരായ യു.കെ. ബിന്ദു, റനീഷ് കുപ്പായി, ശബരീശൻ പൊറ്റക്കാട്, ഗോപാലകൃഷ്ണൻ, സ്വപ്ന, ആസ്യ താജിയ, വൈറുനീസ, മുമ്മുള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. ജെബി ജോർജ് എന്നിവർ പങ്കെടുത്തു.