‘മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാരെ സംരക്ഷിക്കും’
1594063
Tuesday, September 23, 2025 7:19 AM IST
മഞ്ചേരി: ആരോഗ്യമന്ത്രിയുടെ സന്ദർശന സമയത്ത് കൂലി ചോദിച്ചതിന്റെ പേരിൽ പ്രതികാര നടപടികളുടെ ഭാഗമായി കലാപാഹ്വാന വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസിൽ പ്രതികളാക്കപ്പെട്ട മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാരെ സംരക്ഷിക്കുമെന്ന് മഞ്ചേരി മണ്ഡലം യൂത്ത് കോണ്ഗ്രസ് കമ്മിറ്റി.
മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഇരുപതോളം ജീവനക്കാർക്കെതിരേ മഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത് വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു.
ശക്തമായ പ്രക്ഷോഭങ്ങൾക്കാണ് യൂത്ത് കോണ്ഗ്രസ് നേതൃത്വം നൽകിയത്. തുടർന്ന് നിർത്തിവയ്ക്കപ്പെട്ട നടപടികൾ പോലീസ് ഇപ്പോൾ ത്വരിതപ്പെടുത്തിയിരിക്കുകയാണ്. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ പ്രേരണയാണ് പ്രതികാര നടപടികളുടെ തുടർച്ചക്ക് കാരണം. രണ്ട് താൽക്കാലിക ജീവനക്കാരെ പോലീസ് വിളിച്ചുവരുത്തുകയും കേസിൽ ഉൾപ്പെടുത്തുമെന്ന് അറിയിക്കുകയും നോട്ടീസിൽ ഒപ്പുവപ്പിക്കുകയും ചെയ്തിരുന്നു. സിപിഎം നൽകുന്ന ലിസ്റ്റ് പ്രകാരം ജീവക്കാരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിക്കാനും ക്രൂശിക്കാനുമാണ് നീക്കമെങ്കിൽ ശക്തമായ പ്രതിരോധം തീർക്കുമെന്ന് പ്രസിഡന്റ് കൃഷ്ണദാസ് വടക്കെയിൽ പറഞ്ഞു.