സാറേ... തെരുവ് നായ്ക്കൾ ഞങ്ങളെ ആക്രമിക്കുന്നു; പരാതിയുമായി വിദ്യാർഥികൾ പോലീസ് സ്റ്റേഷനിൽ
1593721
Monday, September 22, 2025 5:17 AM IST
ചങ്ങരംകുളം : തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് കളിക്കാനും പഠിക്കാനും പോകാൻ സാധിക്കുന്നില്ലെന്ന പരാതിയുമായി ഒരു കൂട്ടം വിദ്യാർഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെത്തി.
ഇന്നലെ രാവിലെ 11 മണിയോടെയാണ് ചങ്ങരംകുളം സ്റ്റേഷൻ കുട്ടികളുടെ പരാതിക്ക് സാക്ഷ്യം വഹിച്ചത്. ആലംകോട് അവറാൻപടിയിലെ എട്ടോളം വിദ്യാർഥികളാണ് സഹായഭ്യർഥനയുമായി ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ എത്തിയത്. സഹപാഠികളായ 20 പേരുടെ ഒപ്പ് ശേഖരിച്ച് എഴുതി തയാറാക്കിയ പരാതി ചങ്ങരംകുളം സിഐ ഷൈനിന് ഇവർ സമർപ്പിക്കുകയും ചെയ്തു.
സ്കൂളിലേക്കും കളിക്കാനും പുറത്ത് പോകുന്പോൾ തെരുവ് നായ്ക്കൾ ഞങ്ങളെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും ഭയം മൂലം പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നും ഞങ്ങളെ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് കുട്ടികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ എത്തിയത്.
കുട്ടികളുടെ പരാതി അനുഭാവപൂർവം കേട്ട സിഐ ഷൈൻ ആവശ്യമായ ഇടപെടൽ നടത്താമെന്ന് പറഞ്ഞ് കൈപ്പറ്റ് രശീതി നൽകി കുട്ടികളെ ആശ്വസിപ്പിച്ചാണ് പറഞ്ഞുവിട്ടത്. വിദ്യാർഥികളായ ഷയാൻ, സുൽത്താൻ, മുഹമ്മദ് അദ്നാൻ, ഷഹാൻ, ദിൽരൂപ്, ഷാമിൽ, സിനാൻ, ഫവാസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.