രണ്ടര കിലോമീറ്റർ വൈദ്യുതവേലി പുന:സ്ഥാപിച്ച് വനംവകുപ്പ്
1593736
Monday, September 22, 2025 5:51 AM IST
മൂലേപ്പാടം - ഇടിവണ്ണ മേഖലയിൽ കാട്ടാന ശല്യം
നിലന്പൂർ: മൂലേപ്പാടം - ഇടിവണ്ണ ഭാഗത്തെ കാട്ടാനശല്യം തടയാൻ പ്രവർത്തനരഹിതമായിരുന്ന സോളാർ വൈദ്യുത വേലി പുന:സ്ഥാപിച്ച് വനംവകുപ്പ്. കാട്ടാന ശല്യം അതിരൂക്ഷമായ സാഹചര്യത്തിലാണ് അടിയന്തര നടപടിയുമായി വനപാലകർ രംഗത്തിറങ്ങിയത്. ദീപിക കഴിഞ്ഞ ദിവസങ്ങളിൽ ഇതേക്കുറിച്ച് വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്.
മൂലേപ്പാടം മുതൽ എച്ച് ബ്ലോക്ക് വരെയുള്ള രണ്ടര കിലോമീറ്റർ ഭാഗത്താണ് വൈദ്യുത വേലി പുനർനിർമിച്ചത്. കാട്ടാനകളെ പ്രതിരോധിക്കുന്ന രീതിയിൽ ഒറ്റ ലൈൻ സംവിധാനമാണ് ഈ രണ്ടര കിലോമീറ്റർ ഭാഗത്ത് നടപ്പാക്കിയിട്ടുള്ളത്. എച്ച് ബ്ലോക്ക് മുതൽ പന്നിക്കുഴി വരെയുള്ള ഒരു കിലോമീറ്റർ ഭാഗത്ത് നിലവിൽ സോളാർ വൈദ്യുത വേലിയില്ല. പുതിയ സോളാർ വൈദ്യുത വേലി നിർമിക്കാൻ മൂന്ന് ലക്ഷം രൂപയോളം ചെലവ് വരും. ഇത്രയും ഫണ്ട് വനം വകുപ്പിന് പെട്ടെന്ന് കണ്ടെത്തുക പ്രയാസകരമാകും.
അതിനാൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മറ്റു വകുപ്പുകൾ, ജനപ്രതിനിധികൾ, സ്വകാര്യവ്യക്തികൾ എന്നിവയുടെ സഹകരണതോടെ ഫണ്ട് കണ്ടെത്തിയാൽ ഈ ഭാഗത്തും വൈദ്യുത വേലി നിർമിക്കാൻ കഴിയും. ഇതിലൂടെ ഈ ഭാഗത്തെ കാട്ടാന ശല്യം തടയാൻ ഒരു പരിധി വരെ സഹായകരമാകും. അകന്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.കെ. മുഹസിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസം കൊണ്ടാണ് അടിയന്തര പ്രാധാന്യത്തോടെ സോളാർ വൈദ്യുത വേലി പുനർനിർമിക്കാൻ കഴിഞ്ഞത്.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ആർ. പ്രസാദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി.ആർ. വിവേക്, എ.സന്തോഷ്, കെ.ഷിജ്ന, കെ. അശ്വതി, വി. അനിൽകുമാർ, കെ.ടി.അബീന, വി.എ. വിനോദ്, എം.ജെ. മനു, പി.ചന്ദ്രൻകുട്ടി, വാച്ചർമാരായ യാസിർ, അപ്പു, ഗോപാലൻ, ഷിനോജ്, വാസു, ബിജു, നാട്ടുകാരായ ബാബു, മുസ്തഫ എന്നിവരും പങ്കാളികളായി.