വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ പ്രിയങ്ക ഗാന്ധി ഉദ്ഘാടനം ചെയ്തു
1593743
Monday, September 22, 2025 5:51 AM IST
വണ്ടൂർ: വണ്ടൂർ താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിലേക്ക് പ്രിയങ്കഗാന്ധി എംപിയുടെ വക മൂന്ന് മെഷീനുകൾ. ഡയാലിസിസ് സെന്റർ നാടിന് സമർപ്പിച്ച ശേഷമാണ് പ്രിയങ്ക ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് പ്രിയങ്കഗാന്ധി താലൂക്ക് ആശുപത്രിയിൽ എത്തിയത്.
നിലവിലെ ബ്ലോക്ക് പ്രസിഡന്റ വി.കെ. അസ്കർ മുൻകൈയെടുത്താണ് ആശുപത്രിയിൽ ഡയാലിസിസ് സെന്ററിനായുള്ള പ്രവൃത്തികൾ പൂർത്തിയാക്കിയത്. പത്ത് ഡയാലിസിസ് മെഷീനുകൾ പ്രവർത്തിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. രാഹുൽഗാന്ധി വകയിരുത്തിയ 50 ലക്ഷത്തിന് പുറമേ ബ്ലോക്ക് പഞ്ചായത്ത് രണ്ട് കോടിയിൽ പരം തുക അനുവദിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. നിലവിൽ മൂന്ന് മെഷീനുകളാണ് ഡയാലിസിസ് സെന്ററിലുള്ളത്. കൂടാതെ രണ്ട് മെഷീനുകൾ സ്പോണ്സർഷിപ്പിലൂടെ ലഭിക്കാനുണ്ട്.
ഇതിനുപുറമെയാണ് ഇപ്പോൾ പ്രിയങ്ക ഗാന്ധി എംപി മൂന്നു മെഷീനുകൾ കൂടി വാഗ്ദാനം ചെയ്തിട്ടുള്ളത്. ചടങ്ങിൽ എ.പി. അനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ്് വി.കെ. അസ്കർ, വൈസ് പ്രസിഡന്റ് ജെസി ഇട്ടി, വി. ശിവശങ്കരൻ, കെ.ടി. അജ്മൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന, കെ.സി. കുഞ്ഞുമുഹമ്മദ്, അഡ്വ.ടി രവീന്ദ്രൻ, മെഡിക്കൽ ഓഫീസർ ഉമ്മർ പള്ളിയാളി, ബിഡിഒ, എ.ജെ. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം ഡയാലിസിസ് സെന്ററിന്റെ പിതൃത്വത്തെ ചൊല്ലി ഉദ്ഘാടന ചടങ്ങിനു മുന്പേ യുഡിഎഫിൽ തർക്കം ഉടലെടുത്തു. ഡയാലിസിസ് സെന്റർ യാഥാർഥ്യമാക്കാൻ മുൻകൈയെടുത്ത മുസ്ലിം ലീഗ് അംഗമായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വി.കെ. അസ്കറിന് അഭിവാദ്യമർപ്പിച്ച് യൂത്ത് ലീഗ് സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ ഇന്നലെ നശിപ്പിച്ച നിലയിൽ കാണപ്പെട്ടു. ആശുപത്രിക്ക് മുൻവശത്തെ റോഡിലായി സ്ഥാപിച്ച അഞ്ചോളം ഫ്ളക്സ് ബോർഡുകളാണ് നശിപ്പിച്ചത്.
ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ച വർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പോലീസിൽ പരാതി നൽകി.