കേരളത്തിന്റെ വളർച്ചയ്ക്ക് കാരണമായത് ഇ.എം.എസിന്റെ ദിശാബോധം: എം.വി. ഗോവിന്ദൻ
1594165
Wednesday, September 24, 2025 5:13 AM IST
തിരൂർ: ജൻമിത്വം അവസാനിപ്പിച്ചാലേ കാർഷിക മേഖലയിൽ മാറ്റം വരുത്താനാകൂവെന്ന ഇ.എം.എസിന്റെ ദിശാബോധമാണ് കേരളത്തിന്റെ ഇന്നത്തെ വളർച്ചയ്ക്ക് കാരണമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. തിരൂർ കാരത്തൂരിൽ "ഇ.എം.എസിന്റെ ലോകം' ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന് മുന്നിൽ നവ കേരള മാതൃക അവതരിപ്പിക്കുക എന്നത് ഇ.എം.എസിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായിരുന്നു. ലോകത്തിന് മാതൃകയായി കേരളത്തെ സൃഷ്ടിക്കുകയെന്ന ഇ.എം.എസിന്റെ കാഴ്ചപ്പാടാണ് ഇടതുപക്ഷം മുന്നോട്ടുകൊണ്ടുപോയത്. അതിദരിദ്രർ ഇല്ലാത്ത ഏക സംസ്ഥാനമായി കേരളം മാറുകയാണ്. നവംബർ ഒന്നിന് മുഖ്യമന്ത്രി അതിന്റെ പ്രഖ്യാപനം നടത്തും. ആരോഗ്യ മേഖലയിൽ ലോകത്തിൽ തന്നെ കേരളം മാതൃകയാണ്. പണമില്ലാത്ത പ്രശ്നം കേരളത്തിനില്ലായെന്നും അദ്ദേഹം പറഞ്ഞു.
ഡോ. കെ.ടി. ജലീൽ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിജു കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി വി. അബ്ദുറഹ്മാൻ മുഖ്യതിഥിയായിരുന്നു. തൃക്കുളം കൃഷ്ണൻകുട്ടിയെ വേദിയിൽ ആദരിച്ചു.
മുതിർന്ന നേതാക്കളായ പാലോളി മുഹമ്മദ് കുട്ടി, പി.പി. വാസുദേവൻ, ടി.കെ.ഹംസ, കെ.ഇ.എൻ. കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു. ഇ.ജയൻ സ്വാഗതവും കെ.വി.സുധാകരൻ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം നടന്ന സെഷനിൽ "വർഗീയത, വലതുപക്ഷവൽക്കരണം' എന്ന വിഷയത്തിൽ ഇ.എൻ. മോഹൻദാസ് അധ്യക്ഷനായിരുന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു, ഡോ.കെ.എൻ.ഗണേശൻ, ഡോ. അനിൽ ചേലേന്പ്ര, ഡോ.എം.എ. സിദീഖ്, ഇ. അഫ്സൽ, എ.ശിവദാസൻ എന്നിവർ പങ്കെടുത്തു. "ലോക സാന്പത്തിക പ്രതിസന്ധിയും ബദലുകളും' എന്ന വിഷയത്തിൽ പി.കെ. ഖലീമുദീൻ, പി.കെ. സൈനബ, ഡോ. രാംകുമാർ, കെ.ടി.കുഞ്ഞിക്കണ്ണൻ, കെ.നാരായണൻ എന്നിവർ സംസാരിച്ചു.