അർധരാത്രിയിൽ പോലീസ് കാവലിൽ മണ്ണെടുപ്പ്; പ്രതിഷേധം ശക്തം
1593741
Monday, September 22, 2025 5:51 AM IST
കരുവാരകുണ്ട്: അർധരാത്രിയിൽ നടത്തുന്ന മണ്ണെടുപ്പ് പരിസരവാസികൾക്ക് ശല്യമുണ്ടാക്കുന്നതായി പരാതി. തുവൂർ തറക്കൽ എയുപി സ്കൂളിനു സമീപമുള്ള മൈതാനത്തോട് ചേർന്നാണ് അർധരാത്രിയിൽ മണ്ണെടുപ്പ് നടക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടത്.
സ്കൂൾ മാനേജർ മൈതാനത്തിന് ചുറ്റുമതിൽ നിർമിക്കുന്നതിന് വേണ്ടി ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സന്പാദിച്ചിരുന്നുവത്രെ. ഇതിന്റെ അടിസ്ഥാനത്തിൽ മൈതാനത്തിന് ചുറ്റും മതിൽ നിർമിക്കുകയാണെന്നാണ് പ്രചരിപ്പിക്കുന്നത്.
ചുറ്റുമതിൽ പണിയുന്നതിന് വേണ്ടി ഉത്തരവ് ഉണ്ടെങ്കിൽ തന്നെ അർധരാത്രിയിൽ പ്രദേശത്തെത്തി മണ്ണെടുക്കുന്നതിനെതിരെയാണ് നാട്ടുകാർ പരാതിപ്പെട്ടത്. രാത്രി 12 മണിക്ക് ശേഷം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വ്യാപകമായി മണ്ണെടുപ്പ് നടത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു.
സ്ഥലത്തെത്തി നാട്ടുകാർ പരാതിപ്പെടുകയും ചെയ്തു. സ്ഥലത്ത് പോലീസ് കാവൽ ഉണ്ടായിരുന്നു. കരുവാരകുണ്ട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു മണ്ണ് മാന്തിയന്ത്രങ്ങൾക്കും ജോലിക്കാർക്കും കാവലായിട്ട് സ്ഥലത്തുണ്ടായിരുന്നത്. ഇവരോടാണ് നാട്ടുകാർ പരാതിപ്പെട്ടത്.
അർധരാത്രിയിൽ മണ്ണെടുപ്പ് പരിസരവാസികൾക്ക് ഉറക്കം ശല്യപ്പെടുത്തുന്നതായി പറഞ്ഞ നാട്ടുകാരോട് ’ഇന്ന് രാത്രി നിങ്ങൾ ഉറങ്ങേണ്ട’ എന്നാണ് സ്ഥലത്തിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ പറഞ്ഞത്. ഇതോടെ സ്ഥലത്തെത്തിയ നാട്ടുകാർ ബഹളം വച്ചു. പോലീസിന്റെ നടപടിയിൽ വ്യാപക പ്രതിഷേധമാണുണ്ടായിട്ടുള്ളത്.
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് തുവൂരിൽ ജനകീയ പ്രതിഷേധ സമരം നടത്തുന്നുണ്ട്. ജനങ്ങളെ പരിഹസിക്കുകയും അപമാനിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.