സംരംഭകരെ ബുദ്ധിമുട്ടിക്കരുത്: ആര്യാടൻ ഷൗക്കത്ത് എംഎൽഎ
1594180
Wednesday, September 24, 2025 5:50 AM IST
നിലന്പൂർ:ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. നിലന്പൂർ വ്യാപാര ഭവനിൽ നടത്തിയ സംഗമം ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. എല്ലാവരും ഒരേ വ്യവസായം തെരഞ്ഞെടുക്കുന്ന പ്രവണത മാറണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു സംരംഭം വിജയിക്കുന്പോൾ അതേ സംരംഭത്തിലേക്ക് കൂടുതൽ ആളുകൾ എത്തുന്നതാണ് കണ്ടുവരുന്നത്.
പുതുസംരംഭകർ പുതിയ മേഖലകൾ തെരഞ്ഞെടുക്കണം. കൂടുതൽ സാന്പത്തിക ബാധ്യതയോടെ സംരംഭം തുടങ്ങി വിജയത്തിലെത്താനാകില്ല. ചെറിയ ബാധ്യതയും വലിയ പരിശ്രമവുമാണ് വിജയത്തിന്റെ വഴിയെന്നും എംഎൽഎ പറഞ്ഞു. വ്യവസായ വകുപ്പ് സംരംഭകരെ ചേർത്തുപിടിക്കണമെന്നും നിയമക്കുരുക്കുകളാൽ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നിക്ഷേപം കൊണ്ടുവരുന്നതിനും സുസ്ഥിരമായ വ്യവസായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്ന പുതിയ വ്യവസായ നയത്തിന്റെ ഭാഗമായാണ് വ്യവസായ നിക്ഷേപക സംഗമം സംഘടിപ്പിച്ചത്. നിലന്പൂർ സഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എം. ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സി.കെ. മുജീബ് റഹ്മാൻ, ലീഡ് ഡിസ്ട്രിക്ട് മാനേജർ എം.വി. അഞ്ജനദേവ്, ചെറുകിട വ്യവസായ അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് ദേവദാസ് പി. മേനോൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്് വിനോദ് പി. മേനോൻ, നിലന്പൂർ ഉപജില്ലാ വ്യവസായ ഓഫീസർ പി. സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ എം. ശ്രീരാജ്, ജില്ലാ റിസോഴ്സ് പേഴ്സണ് പി. ഉണ്ണികൃഷ്ണൻ, കാളികാവ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സനൽ എന്നിവർ വിഷയാവതരണം നടത്തി. സംഗമത്തിൽ നിക്ഷേപകരെയും അവരുടെ പദ്ധതികളെയും പരിചയപ്പെടുത്തുവാനും വിവിധ വകുപ്പ് പ്രതിനിധികൾ, ധനകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരുമായി സംവദിക്കുന്നതിനും അവസരം ഒരുക്കിയിരുന്നു.