വിവാദ കളിക്കളം പൊതുകളിക്കളമായി നിലനിർത്തണം: പ്രകടനവും യോഗവും നടത്തി
1594058
Tuesday, September 23, 2025 7:19 AM IST
കരുവാരകുണ്ട്: തുവൂരിൽ വിവാദ കളിക്കളം പൊതുകളിക്കളമായി നിലനിർത്തണമെന്നാവശ്യപ്പെട്ട് ടൗണിൽ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു. തറയ്ക്കൽ എയുപി സ്കൂൾ മാനേജ്മെന്റിനെതിരേ രൂക്ഷ വിമർശനമാണ് ഉയർന്നത്.
തുവൂരിൽ ജെഎസ്സി ക്ലബിന്റെ നിയന്ത്രണത്തിലായിരുന്ന പൊതുകളിസ്ഥലം ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തറയ്ക്കൽ എയുപി സ്കൂൾ കൈവശപ്പെടുത്തിയെന്നാണ് നാട്ടുകാരുടെ വാദം. പതിറ്റാണ്ടുകളായി പൊതു കളിക്കളമായിരുന്ന ഭൂമിയിൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാനേജ്മെന്റ് ചുറ്റുമതിൽ നിർമാണം തുടങ്ങുകയും ചെയ്തു. രാത്രിയിൽ കനത്ത പോലീസ് സംരക്ഷണത്തിൽ മതിൽ നിർമിക്കാനുള്ള നീക്കത്തെ നാട്ടുകാർ തടഞ്ഞിരുന്നു. ഇതിനിടയിൽ അർധരാത്രിയിൽ ഗ്രൗണ്ടിൽ നിന്ന് മണ്ണ് ലോറിയിൽ കടത്തുന്ന ദൃശ്യങ്ങൾ നാട്ടുകാർ പുറത്തുവിടുകയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് പോലീസ് സൗകര്യം ചെയ്തുകൊടുക്കുകയുമാണെന്ന ആരോപണങ്ങളും ഉയർന്നു. കാലങ്ങളായി കളിക്കളമായി ഉപയോഗിച്ചിരുന്ന ഭൂമി പൊതുയിടമായി ഉപയോഗിക്കണമെന്നും മാനേജ്മെന്റിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥ-പോലീസ് സമീപനങ്ങൾക്കെതിരേയുമാണ് ജനകീയ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
അതേസമയം കോണ്ഗ്രസിലെ ഒരു പ്രതിനിധി പോലും പ്രകടനത്തിൽ പങ്കെടുക്കാതിരുന്നതും ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. വൻ ജനപങ്കാളിത്തത്തോടെ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. ജസീന ഉദ്ഘാടനം ചെയ്തു. കളിക്കളം സംരക്ഷിക്കുന്നതിനായി ക്ലബിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തിന്റെ സഹകരണമുണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.കളത്തിൽ കുഞ്ഞാപ്പുഹാജി അധ്യക്ഷത വഹിച്ചു. ടി.എ.ജലീൽ, കെ.സുബൈദ, എൻ.കെ.നാസർ, അജ്മൽ കുക്കു, കെ.ബി. നിസാർ, ടി.പി.സിദീഖ്, എൻ.കെ. റസാഖ്, എ.പി.അൻസാർ, വി.പി. മിനി, ടി.എച്ച്. ജലീൽ, ബാനു, കൊപ്പത്ത് ഷെരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.