തിരുമാന്ധാംകുന്ന് വലിയകണ്ടത്ത് ഭക്തിസാന്ദ്രമായി ഞാറ് നടീൽ
1593737
Monday, September 22, 2025 5:51 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ദേവസ്വത്തിന്റെ ആറാട്ടുകടവിന് സമീപമുള്ള വലിയകണ്ടത്ത് പ്രസിദ്ധമായ ഞാറ് നടീൽ ഭക്തിസാന്ദ്രമായി കൊണ്ടാടി. ഈ പാടശേഖരത്തെഭഗവതി കണ്ടം എന്ന പേരിലും അറിയപ്പെടുന്നു. പുരാതന കാലം മുതൽ നടന്നുവരുന്നതാണ് തിരുമാന്ധാംകുന്ന് വലിയകണ്ടം ഞാറുനടീൽ.
ഇന്നലെ രാവിലെ പന്തീരടി പൂജ കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്നുള്ള വിളക്ക് തെളിയിച്ച് കളത്തുംചാലിക്കൽ കർഷക കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ കെ.സി. അയ്യപ്പൻ, കെ.സി. കുട്ടൻ എന്നിവർ ഇളനീർ വെട്ടി ആടിയശേഷം ആദ്യ നടീലിനുള്ള ഞാറ്റുമുടി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എം. വേണുഗോപാലിന് കൈമാറി. അദ്ദേഹം ആദ്യ ഞാറ് നട്ട് യജ്ഞത്തിന് തുടക്കം കുറിച്ചു.
തുടർന്ന് ഭക്തജനങ്ങൾ അമ്മേ ഭഗവതിയെന്ന് ഉരുവിട്ടു കണ്ടത്തിലിറങ്ങി നടീലാരംഭിച്ചു. വലിയകണ്ടം നടീലിന്റെ ഭാഗമാകുന്നതിലൂടെ തങ്ങളുടെ പ്രാർഥനകൾ സഫലമാകുമെന്നാണ്് വിശ്വസം.
നടീൽ യജ്ഞത്തിന് ദേവസ്വം അസിസ്റ്റന്റ് മാനേജർ എഎൻ, ഹെഡ് ക്ലാർക്ക് പി. ഗിരി, ജീവനക്കാരനായ അനിൽ ജി. നായർ എന്നിവർ നേതൃത്വം നൽകി. ഗാനരചയിതാവ് പി.സി. അരവിന്ദൻ തുടങ്ങി പൗരപ്രമുഖർ പങ്കെടുത്തു.
പന്തീരടിക്ക് മുന്പായി വലിയകണ്ടം നടീൽ പൂർത്തിയാക്കി. തുടർന്ന് അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, മുള്ള്യാർകുർശി ഭാഗങ്ങളിൽ നിന്നെത്തിയ കർഷക കുടുംബത്തിലെ ആബാലവൃദ്ധം ജനങ്ങൾ വടക്കേ നടയിൽ ചവിട്ടുകളി നടത്തി. ദേവിക്കു നിവേദിച്ച പായസം ഭക്തർക്ക് പ്രസാദമായി നൽകി. ഉച്ചയ്ക്ക് നടന്ന അന്നദാനത്തിൽ 3000ത്തിലധികം ഭക്തർ പങ്കെടുത്തു.