ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
1593810
Monday, September 22, 2025 10:13 PM IST
ചങ്ങരംകുളം: കല്ലുർമയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. സുഹൃത്തിന് പരിക്കേറ്റു. ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശി കിഴക്കൂട്ട് വളപ്പിൽ സമദിന്റെ മകൻ റമീസ്(24) ആണ് മരിച്ചത്.
കൂടെ സഞ്ചരിച്ച ഐനിച്ചോട് സ്വദേശി ബക്കറിന്റെ മകൻ അൻഷാദ്(26)നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെ കല്ലുർമ തരിയത്ത് ജുമാമസ്ജിദിന് സമീപത്താണ് അപകടം.
യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും റമീസിനെ രക്ഷിക്കാനായില്ല.
പരിക്ക് ഗുരുതരമായതിനാൽ അൻഷാദിനെ പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റമീസിന്റെ മൃതദേഹം ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ നടപടിക്രമങ്ങൾക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.