സിബിഎസ്ഇ സ്കൂൾ കലോത്സവം: വ്യക്തിഗത ഇനങ്ങൾ സമാപിച്ചു
1593381
Sunday, September 21, 2025 6:05 AM IST
നിലന്പൂർ: മലപ്പുറം സെൻട്രൽ സഹോദയയും മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ചേർന്ന് നടത്തുന്ന സിബിഎസ്ഇ സ്കൂളുകളുടെ ജില്ലാ കലോത്സവത്തിന്റെ ഭാഗമായുളള മഞ്ചേരി മേഖലാ വ്യക്തിഗത ഇന മത്സരങ്ങൾ സ്പ്രിംഗ്സ് ഇന്റർനാഷണൽ സ്കൂളിൽ സമാപിച്ചു.
26, 27 തിയതികളിൽ പെരിന്തൽമണ്ണ ഐഎസ്എസ് സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ജില്ലാതല മത്സരങ്ങളുടെ ഭാഗമായാണ് ഇവിടെ മത്സരങ്ങൾ നടത്തിയത്. മഞ്ചേരി മേഖലാമത്സരം മന്പാട് ടാണയിലെ ദി സ്പ്രിംഗ്സ് സ്കൂളിൽ ചെയർമാൻ ഡോ. സിയാദ് ഉദ്ഘാടനം ചെയ്തു. മഞ്ചേരി മേഖലയിലെ 55 സ്കൂളുകളിൽ നിന്നായി 2500 കലാപ്രതിഭകളാണ് മത്സരിച്ചത്.
സർഗധാരയിലെ ആദ്യസ്ഥാനം കരസ്ഥമാക്കുന്നവർക്ക് നവംബറിൽ നടക്കുന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാം. ജില്ലയിലെ സിബിഎസ്ഇ അഫിലിയേഷനുള്ള 85 സ്കൂളുകളിൽ നിന്നായി ആറായിരത്തോളം വിദ്യാർഥികളാണ് ജില്ലാതല കലോത്സവത്തിലെ 162 ഇനങ്ങളിൽ പങ്കെടുക്കുന്നത്.
സഹോദയ സെക്രട്ടറി സി.സി. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ. എൻ.പി. ദിവ്യ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ കെ. ചിത്രകല, കണ്‍വീനർ ഷഹല ബീഗം, കെ.റഫീഖ് മുഹമ്മദ്, ഷിജു വർക്കി, ഷജ്ന സിയാദ്, ഡോ. സിസ്റ്റർ സിജി, കെ.ടി. മൻസൂർ, റസിന ലത്തീഫ്, എൻ. പാത്തുമ്മക്കുട്ടി, സിസ്റ്റർ ഷേർളി വർഗീസ്, തുഷാര, വിനീത, ശ്രീരാജ് നടുവത്ത് എന്നിവർ പ്രസംഗിച്ചു.