വീട്ടിൽ മോഷണം; പണം നഷ്ടമായി
1593745
Monday, September 22, 2025 5:51 AM IST
ചങ്ങരംകുളം: ചിയ്യാനൂരിൽ വീടുകൾ മോഷണം. മേച്ചിനാത്ത് അബ്ദുറഹ്മാന്റെ വീട്ടിൽ നിന്ന് 20,000 രൂപയോളം മോഷ്ടാവ് കവർന്നു. അബ്ദുറഹ്മാൻ വർഷങ്ങളായി അബുദാബിയിലാണ് ജോലി ചെയ്യുന്നത്.
ഭാര്യയും രണ്ട് മക്കളും ഉറങ്ങുന്ന സമയത്താണ് സംഭവം. മുൻവശത്തെ ജനൽപാളി തുറന്ന് കൈയിട്ട് വാതിൽ ലോക്ക് തുറന്ന് അകത്ത് കടന്ന മോഷ്ടാവ് റൂമിലെ അലമാരയിൽ സൂക്ഷിച്ച പണം കവർന്ന് രക്ഷപ്പെടുകയായിരുന്നു.
തൊട്ടടുത്ത് മറ്റൊരു വീട്ടിലും മോഷണ ശ്രമം നടത്തിയെങ്കിലും വീട്ടുകാർ ഉണർന്ന് ബഹളം വച്ചതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. ചങ്ങരംകുളം മാർസ് സിനിമാസിന്റെ പിറകിൽ താമസിക്കുന്ന ഫാറൂഖിന്റെ വീട്ടിലാണ് മോഷ്ടാവ് കയറിയത്.
വീടിന്റെ മുകളിലത്തെ നിലയിലെ വാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് റൂമിൽ കയറാൻ ശ്രമിച്ചെങ്കിലും ശബ്ദം കേട്ട് ഫാറൂഖ് ഉണർന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മോഷണം നടന്ന വീടുകളിൽ പരിശോധന നടത്തി. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.