മഞ്ചേരിയിൽ 30ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ
1593739
Monday, September 22, 2025 5:51 AM IST
മഞ്ചേരി : വിൽപ്പനക്കായി സൂക്ഷിച്ച 30ഗ്രാം എംഡിഎംഎ സഹിതം രണ്ടു യുവാക്കളെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പൊറ്റയിൽ വീട്ടിൽ ഷാഹുൽ ഹമീദ് (37), കാരാപ്പറന്പ് കൂട്ടാവ് കാണപ്പറന്പത്ത് സജ്മീർ (33) എന്നിവരെയാണ് മഞ്ചേരി പോലീസ് ഇൻസ്പെക്ടർ എം.കെ. നവീൻഷാജ് പ്രത്യേക അന്വേഷണ സംഘത്തിന്റെ സഹായത്തോടെ കാരാപ്പറന്പ് പൂക്കൊളത്തൂർ റോഡിൽ നിരന്നപറന്പിൽ വച്ച് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ നിന്ന് എംഡിഎംഎക്ക് പുറമെ മയക്കുമരുന്ന് പായ്ക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറുകളും ഗ്യാസ് ഫ്യൂമുകളും അരലക്ഷത്തോളം രൂപയും ലഹരിക്കടത്തിനുപയോഗിക്കുന്ന ആഡംബര കാറും പിടികൂടി.
നേരത്തെ സമാനകേസുകളിൽ പിടിക്കപ്പെട്ടവരാണ് ഇരുവരും. മഞ്ചേരി, അരീക്കോട്, കാരാപ്പറന്പ്, പൂക്കൊളത്തൂർ, തൃപ്പനച്ചി മേഖലകളിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്ന പ്രതികൾക്ക് കച്ചടത്തിന് സാന്പത്തികമടക്കമുള്ള സഹായം നൽകിയവരെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു.
മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജു, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സിബി എന്നിവരുടെ മേൽനോട്ടത്തിൽ മഞ്ചേരി പോലീസ് ഇൻസ്പെക്ടർ പ്രതാപ് കുമാർ, എഎസ്ഐ വാഷിദ്, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ രജീഷ്, റിയാസ്,
ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷൽ ടീം അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, പി. മുഹമ്മദ് സലീം, കെ.കെ. ജസീർ, വി.പി. ബിജു, ആർ. രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.