ശാസ്ത്രമേള ഉത്സവമാക്കി സംഘടിപ്പിക്കണം: വൈസ് ചാൻസലർ പി. രവീന്ദ്രൻ
1593719
Monday, September 22, 2025 5:17 AM IST
പെരിന്തൽമണ്ണ: വിദ്യാഭ്യാസം കൊണ്ട് ശാസ്ത്രം ഉത്സവമാക്കൻ സാധിക്കണമെന്ന് കാലിക്കട്ട് സർവകലാശാല വൈസ് ചാൻസലർ പി. രവീന്ദ്രൻ.
പെരിന്തൽമണ്ണ ശ്രീവള്ളുവനാട് വിദ്യാഭവനിൽ ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ശാസ്ത്രമേളയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാമേളയും കായികമേളയുമെല്ലാം ഉത്സവാന്തരീക്ഷത്തിലാണ് നടക്കുന്നത്. അതുപോലെതന്നെ ശാസ്ത്രമേളയും ഉത്സവമാക്കി മാറ്റാൻ നമുക്ക് സാധിക്കണം. ഓരോ ദിവസവും ശാസ്ത്രം പുരോഗതിയിലേക്ക് നീങ്ങുകയാണ്.
ഇന്നത്തെ സത്യങ്ങൾ നാളെ തെറ്റായി മാറാം. ശാസ്ത്രം പുതിയ സാധ്യതകൾ സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുകയാണ്. ഭാരതീയ സമൂഹം വളരെ വർഷങ്ങൾക്ക് മുന്പു തന്നെ ജീവിതത്തിൽ ശാസ്ത്രീയ വീക്ഷണം പുലർത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദ്യാലയ സമിതി അധ്യക്ഷൻ പ്രഫ.എം.വി. കിഷോർ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാധ്യക്ഷൻ ആർ.വി. ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്രമേളയുടെ സംസ്ഥാന സംയോജകനായ ചന്ദ്രശേഖരൻ വിശിഷ്ടാതിഥിയെ ഉപഹാരം നൽകി ആദരിച്ചു.
ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഗണിതശാസ്ത്ര പ്രമുഖ് രാമപ്രസാദ്, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി കെ.എം. പ്രമോദ്, ഭാരതീയ വിദ്യാനികേതൻ ജില്ലാ അധ്യക്ഷൻ കേശവതരകൻ, സംസ്ഥാന പ്രചാർ പ്രമുഖ് കെ.വി. സജിത്ത്, ജില്ലാ സെക്രട്ടറി എം. ജയപ്രകാശ്, പ്രിൻസിപ്പൽ പി. ഹരിദാസ്, മാനേജർ കെ. കൃഷ്ണകുമാർ, വൈസ് പ്രിൻസിപ്പൽ എൻ. മഞ്ജുള എന്നിവർ പ്രസംഗിച്ചു.
ശാസ്ത്ര-ഗണിതശാസ്ത്ര വിഭാഗത്തിൽ ബാല (യുപി), കിഷോർ (എച്ച്എസ്), തരുണ(എച്ച്എസ്എസ്) വിഭാഗങ്ങളിലായി പേപ്പർ പ്രസന്റേഷൻ, ക്വിസ്, പ്രവർത്തന മാതൃകകൾ തുടങ്ങിയവയിലാണ് മത്സരങ്ങൾ നടന്നത്. സംസ്ഥാനത്ത് നിന്ന് ആയിരത്തോളം ശാസ്ത്ര പ്രതിഭകളാണ് മേളയിൽ പങ്കെടുത്തത്.
പാചകത്തിന്റെ ചെലവ് കുറയ്ക്കുന്ന മാർഗവുമായി നക്ഷത്ര
പെരിന്തൽമണ്ണ: പാചകത്തിന് ഹൈഡ്രജൻ ഗ്യാസിന്റെ തീവിലയ്ക്ക് പരിഹാരമായി ചെലവ് കുറയ്ക്കുന്ന മാർഗം അവതരിപ്പിക്കുകയാണ് കോട്ടയം പള്ളിക്കത്തോട് അരവിന്ദ വിദ്യാനികേതനിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ നക്ഷത്ര ജെ. പിള്ള.
പെരിന്തൽമണ്ണ ശ്രീവള്ളുവനാട് വിദ്യാഭവനിൽ നടക്കുന്ന ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ശാസ്ത്രമേളയിലാണ് നക്ഷത്രയുടെ കണ്ടുപിടിത്തം. സൂര്യപ്രകാശത്തിന്റെ സഹായത്തിൽ വെള്ളത്തിൽ നിന്ന് ഇലക്ട്രോ ലൈസർ വഴി ഹൈഡ്രജൻ വേർതിരിച്ചെടുക്കാൻ കഴിയുന്ന പ്രവർത്തന മാതൃകയാണ് നക്ഷത്ര ജെ. പിള്ള അവതരിപ്പിച്ചത്.
പാചകത്തിന് മാത്രമല്ല, വാഹനങ്ങളിലും ഈ ഗ്യാസ് ഉപയോഗിക്കാവുന്നതാണ്. ഉത്പാദന ചെലവ് വളരെ കുറവാണെന്നതും ഉപയോഗിക്കുന്പോൾ ദോഷമുണ്ടാക്കുന്ന ഒന്നും പുറത്തുവിടുന്നില്ല എന്നതും ഇതിന്റെ പ്രത്യേകതയാണെന്ന് നക്ഷത്ര പറയുന്നു.
മാലിന്യ സംസ്കരണത്തിന് നിർമിതബുദ്ധി ഉപയോഗപ്പെടുത്തുന്ന മാതൃകയും വിമാന അപകടം സംഭവിക്കുന്പോൾ തകരുന്ന വിമാനത്തിൽ നിന്ന് ആളുകളെ അപകടമില്ലാതെ പുറത്തെത്തിക്കാനുള്ള പദ്ധതിയുടെ മാതൃക, ഇത്തരം വൈവിധ്യമാർന്ന മാതൃകകളാണ് ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ശാസ്ത്രമേളയിൽ വിദ്യാർഥികൾ അവതരിപ്പിച്ചത്.
ശാസ്ത്ര-ഗണിതശാസ്ത്ര മേഖലയിലെ വിദ്യാർഥികളുടെ പ്രതിഭയിലേക്ക് വെളിച്ചം വീശുന്നതാണ് സംസ്ഥാന ശാസ്ത്രമേള. വിദ്യാർഥികൾക്കൊപ്പം ഗണിതത്തിലും സയൻസ് വിഭാഗത്തിലും പേപ്പർ പ്രസന്റേഷനിലും അധ്യാപകരും മത്സരിച്ചു.