കരുവാരകുണ്ടിൽ തെരുവുനായ്ക്കൾക്ക് കുത്തിവയ്പ് തുടങ്ങി
1594187
Wednesday, September 24, 2025 5:55 AM IST
കരുവാരകുണ്ട്: കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പരിധിയിൽ തെരുവുനായ്ക്കളുടെ ആക്രമണം വർധിച്ചതിനെ തുടർന്ന് നായ്ക്കൾക്കുള്ള കുത്തിവയ്പ് തുടങ്ങി.
പഞ്ചായത്ത് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് പഞ്ചായത്തിലെ മുഴുവൻ തെരുവുനായ്ക്കൾക്കും അടിയന്തരമായി വാക്സിനേഷനും വളർത്തുനായ്ക്കൾക്ക് ലൈസൻസും നിർബന്ധമാക്കാൻ തീരുമാനമായത്. ഇതിന്റെ ഭാഗമായാണ് വാക്സിനേഷൻ നൽകുന്നതെന്ന് പ്രസിഡന്റ് വി.എസ്. പൊന്നമ്മ പറഞ്ഞു. പിടികൂടിയ 113 നായ്ക്കൾക്കും വാക്സിൻ നൽകി.
ഒരു നായ്ക്ക് ഒരു മില്ലിലിറ്റർ വീതമാണ് വാക്സിൻ നൽകുക. ഒരു വർഷമാണ് വാക്സിന്റെ കാലാവധി. അതേസമയം ഡോഗ് ക്യാച്ചർമാർ, വെറ്ററിനറി സർജൻ, വാക്സിൻ എന്നിവ ഉണ്ടെങ്കിലും താൽക്കാലിക ഷെൽട്ടറിനുള്ള സ്ഥലപരിമിതിയാണ് നിലവിലെ വെല്ലുവിളി. വാക്സിനേഷനായി പിടിച്ചുകൊണ്ടുവരുന്ന നായ്ക്കളുടെ കുര പൊതുജനങ്ങൾക്ക് ശല്യമാകാതിരിക്കാൻ സുരക്ഷിത സ്ഥലം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇതിന് ഉചിതമായ സ്ഥലം കണ്ടെത്തുന്നതോടെ ദിനംപ്രതി പരമാവധി തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകാൻ സാധിക്കും. തെരുവുനായ്ക്കളുടെ വർധന നിയമാനുസൃതം നിയന്ത്രണ വിധേയമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
സർക്കാർതലത്തിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് എബിസി പ്രോഗ്രാമിനും വാക്സിനേഷനുമായി തുക പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. ഇതിൽ വാക്സിനേഷനു മാത്രം 1.4 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പഞ്ചായത്ത് പരിധിയിൽ 300 ലധികം തെരുവുനായ്ക്കൾ ഉണ്ടെന്നാണ് പ്രാഥമിക കണക്ക്.