നന്പൂരിപ്പൊട്ടി മതിൽമൂലയിൽ കാട്ടാന കൃഷി നശിപ്പിച്ചു
1594070
Tuesday, September 23, 2025 7:19 AM IST
നിലന്പൂർ: ചാലിയാർ നന്പൂരിപ്പൊട്ടി മതിൽമൂലയിൽ കാട്ടാനകളുടെ വിളയാട്ടം. വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്നലെ പുലർച്ചെ എത്തിയ കാട്ടാനകളാണ് നന്പൂരിപ്പൊട്ടി ദുഅ കോളജിന്റെ മതിൽമൂലയിലെ കൃഷിയിടത്തിൽ വലിയ തോതിൽ നാശം വിതച്ചത്. കായ്ഫലമുള്ള 20 തെങ്ങുകൾ, 60ലധികം കമുകുകൾ, 50 ലേറെ വാഴകൾ എന്നിവയാണ് നശിപ്പിച്ചത്.
രാവിലെ ഏഴ് മണിയോടെയാണ് കാട്ടാനകൾ കാടുകയറിയത്. പന്തീരായിരം വനമേഖലയിൽ നിന്ന് കാഞ്ഞിരപുഴ കടന്നാണ് മതിൽമൂല ഭാഗത്തേക്ക് കാട്ടാനകൾ എത്തുന്നത്. ഇടിവണ്ണ എച്ച്ബ്ലോക്ക്, മൂലേപ്പാടം, കല്ലുണ്ട, ചുള്ളിയോട് ഭാഗങ്ങളിൽ കൃഷിനാശം വരുത്തിയ കാട്ടാനകളാണ് ഇന്നലെ മതിൽമൂലയിലും കൃഷി നശിപ്പിച്ചത്. നിലന്പൂർ റേഞ്ചിലെ കാഞ്ഞിരപുഴ വനംസ്റ്റേഷൻ പരിധിയിൽപ്പെട്ട ഭാഗത്താണ് കൃഷി നശിപ്പിച്ചിട്ടുള്ളത്. കാഞ്ഞിരപുഴ വനംസ്റ്റേഷനിലെ വനപാലകരെത്തി നഷ്ടം വിലയിരുത്തി മടങ്ങി.