മേലാറ്റൂർ ഉപജില്ലാ കായികമേള നാളെ തുടങ്ങും
1594059
Tuesday, September 23, 2025 7:19 AM IST
കീഴാറ്റൂർ: മേലാറ്റൂർ ഉപജില്ലാ കായികമേള കീഴാറ്റൂർ പൂന്താനം സ്മാരക എയുപി സ്കൂൾ ഗ്രൗണ്ടിൽ നാളെ തുടങ്ങും. 26ന് സമാപിക്കും. ഉപജില്ലയിലെ അന്‍പത് എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നായി 1600 ലേറെ കായികപ്രതിഭകൾ പങ്കെടുക്കും. നാളെ രാവിലെ 9.30ന് മേലാറ്റൂർ എസ്എച്ച്ഒ എ.സി. മനോജ്കുമാർ ഉദ്ഘാടനം ചെയ്യും.
കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ബിന്ദു മാത്യു അധ്യക്ഷത വഹിക്കും. 26ന് വൈകുന്നേരം നാലിന് സമാപന സമ്മേളനത്തിൽ കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി സമ്മാനദാനം നിർവഹിക്കും. ജമീല ചാലിയത്തൊടി ചെയർപേഴ്സണും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിന്ദു പി.എസ്. വയലിൽ ജനറൽ കണ്‍വീനറും പിഎസ്എയുപി സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. സിന്ധു കണ്‍വീനറുമായ സ്വാഗതസംഘമാണ് കായികമേളക്ക് നേതൃത്വം നൽകുന്നത്.