കിണറുകളും കുളങ്ങളും ക്ലോറിനേറ്റ് ചെയ്തില്ലെങ്കിൽ നടപടി : കളക്ടർ
1594178
Wednesday, September 24, 2025 5:50 AM IST
മലപ്പുറം: അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ കുളങ്ങളും കിണറുകളും ക്ലോറിനേറ്റ് ചെയ്തുവരികയാണെന്ന് ജില്ലാ കളക്ടർ വി.ആർ. വിനോദ്. ക്ലോറിനേറ്റ് ചെയ്യാൻ വിമുഖത കാണിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. ഹരിത കേരളം ജില്ലാ മിഷൻ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ കാര്യാലയത്തിലെ കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഹരിത കേരളം മിഷൻ സംസ്ഥാന അസിസ്റ്റന്റ് കോ - ഓഡിനേറ്റർമാരായ അബ്രഹാം കോശി, ടി.പി. സുധാകരൻ, ജില്ലാ കോ ഓഡിനേറ്റർ ഡോ. പി. സീമ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.