മലപ്പുറം ജില്ലാ പഞ്ചായത്ത് മാതൃക: വി.ഡി.സതീശൻ
1594177
Wednesday, September 24, 2025 5:50 AM IST
ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം ചെയ്തു
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ ജിവകാരുണ്യമേഖലകളിൽ മറ്റു ജില്ലാ പഞ്ചായത്തുകൾക്ക് മാതൃകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് വിതരണം ചെയ്യുന്ന സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണോദ്ഘാടനം മലപ്പുറം ടൗണ് ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്തിൽ ഇത്തരം ജീവകാരുണ്യപദ്ധതികൾ ചെയ്യുന്നതിലൂടെ മറ്റു പഞ്ചായത്തുകളും ഇവയേറ്റെടുത്തു നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരുടെ സാമൂഹിക ഇടപെടൽ സജീവമാക്കാനും ആത്മവിശ്വാസം വർധിപ്പിച്ച് മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും ഇത്തരം പദ്ധതികൾ ഗുണം ചെയ്യുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് തല ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കാണ് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ വിതരണം ചെയ്തത്. 10,9000 രൂപ ചെലവ് വരുന്ന സ്കൂട്ടർ ജില്ലയിലെ മൂന്ന് വനിതകൾ ഉൾപ്പെടെ 43 ഭിന്നശേഷിക്കാർ ഏറ്റുവാങ്ങി.
2020-21 സാന്പത്തിക വർഷം മുതൽ 348 ഇലക്ട്രിക് വീൽചെയറുകളും 116 സൈഡ് വീൽ സ്കൂട്ടറുകളുമാണ് ഭിന്നശേഷിക്കാർക്കായി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതുവരെ വിതരണം ചെയ്തത്. 37 സ്കൂട്ടറുകൾ കൂടി രജിസ്ട്രേഷൻ പൂർത്തിയായാൽ ഉടൻ വിതരണം ചെയ്യും. പ്രസിഡന്റ് എം.കെ.റഫീഖ അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ പി.ഉബൈദുള്ള, എ.പി. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം, പഞ്ചായത്ത് സ്ഥിരം സമിതിയംഗങ്ങളായ സെറീന ഹബീബ്, നസീബ അസീസ്, ആലിപ്പറ്റ ജമീല, കെ.ടി.അഷറഫ്, അഡ്വ.പി.വി. മനാഫ്, പി.കെ.സി. അബ്ദുറഹിമാൻ, കെ.ടി. അജ്മൽ, അഡ്വ.മോഹൻദാസ്, എ.കെ. സുബൈർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു.