അനധികൃത ക്വാറിയിൽ പരിശോധന;24 വാഹനങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി
1593744
Monday, September 22, 2025 5:51 AM IST
മഞ്ചേരി: പൂക്കോട്ടൂരിൽ അനധികൃത കരിങ്കൽ ക്വാറിയിൽ റവന്യൂ വകുപ്പിന്റെ പരിശോധന. 24 വാഹനങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടി. അനധികൃത ഖനനങ്ങൾ തടയുന്നതിന് പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹന്റെ നിർദേശ പ്രകാരം പ്രത്യേക സ്ക്വാഡിന് രൂപം നൽകിയിരുന്നു. ഇന്നലെ രാവിലെ ഏഴിന് പൂക്കോട്ടൂർ വില്ലേജിലെ ഇല്ലംപറന്പിലെ ക്വാറിയിലാണ് രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തിയത്.
ഈ സമയത്ത് ഖനനത്തിലേർപ്പെട്ടിരുന്ന മണ്ണുമാന്തി യന്ത്രങ്ങൾ, ഹിറ്റാച്ചി, ലോറികൾ, പാറ പൊട്ടിക്കാനുപയോഗിക്കുന്ന വാഹനങ്ങൾ ഉൾപ്പെടെയാണ് പിടികൂടിയത്. ഇവ മലപ്പുറം കളക്ടറേറ്റ് പരിസരത്തേക്ക് മാറ്റി.
പിടികൂടിയ സ്ഫോടക വസ്തുക്കൾ പോലീസിന് കൈമാറി. ഏറനാട് ഡെപ്യൂട്ടി തഹസിൽദാർ മനേഷ് കുമാർ, സ്ക്വാഡ് അംഗങ്ങളായ കെ.പി. വർഗീസ്, സുരേഷ് ബാബു, സുന്ദരൻ സാലിഗ്രാമം, ഷഫീഖ്, സുനിൽ കൃഷ്ണൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.