മെമു സർവീസിൽ സമയ മാറ്റമായി
1594064
Tuesday, September 23, 2025 7:19 AM IST
നിലന്പൂർ: നിലന്പൂരിൽ നിന്നുള്ള മെമുവിന്റെ സമയത്തിൽ മാറ്റം വരുത്തി റെയിവേയുടെ ഉത്തരവിറങ്ങി. പുതിയ സമയമാറ്റത്തിലൂടെ കൂടുതൽ വണ്ടികൾക്ക് ഷൊർണൂരിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കണക്ഷൻ കിട്ടുമെന്നതാണ് യാത്രക്കാർക്കുള്ള നേട്ടം. നിലവിൽ പുലർച്ചെ 3.40 ന് പുറപ്പെട്ടിരുന്ന വണ്ടിയുടെ സമയം നാളെ മുതൽ പുലർച്ചെ 3.10 ലേക്കാണ് മാറ്റിയത്. നിലന്പൂരിൽ നിന്ന് മെമു തുടങ്ങിയപ്പോൾ മുതൽ ഈ ആവശ്യമുയർന്നിരുന്നു. പ്രശ്നത്തിന് പരിഹാരം കാണാമെന്ന് റെയിൽവേ അറിയിച്ചിരുന്നു.
പ്രധാന പരാതികൾക്ക് പരിഹാരം കാണണമെന്ന് നിലന്പൂർ -മൈസൂർ റെയിൽവേ കർമസമിതി റെയിൽവേയോട് നേരിട്ടും മന്ത്രി ജോർജ് കുര്യൻ, എംപിമാരായ പി.വി. അബ്ദുൾ വഹാബ്, ഇ.ടി. മുഹമ്മദ് ബഷീർ, പ്രിയങ്കഗാന്ധി, റെയിൽവേ അമിനിറ്റീസ് കമ്മിറ്റി മുൻ ചെയർമാൻ പി.കെ. കൃഷ്ണദാസ്, മറ്റ് ജന പ്രതിനിധികൾ എന്നിവർ മുഖേനയും ആവശ്യപ്പെട്ടിരുന്നു.
നിലന്പൂരിൽ നിന്ന് രാവിലെ പുറപ്പെടുന്ന 66325/66324 നന്പർ വണ്ടി 3.10 ന് നിലന്പൂർ വിട്ട് 4.20ന് ഷൊർണൂർ എത്തുന്ന രീതിയിലാണ് പുതിയ സമയക്രമം. 4.30ന് ഷൊർണൂർ വിടുന്ന 66319 ഷൊർണൂർ-എറണാകുളം-ആലപ്പുഴ മെമുവിന് കണക്ഷൻ ഉറപ്പിക്കുന്ന രീതിയിലാണ് സമയമാറ്റം. ഇതുകൊണ്ട് പാലക്കാട്-കോയന്പത്തൂർ-ചെന്നൈ ഭാഗത്തേക്ക് 4.50 ന് ഷൊർണൂർ വിടുന്ന 22638 ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിനും ഇനി കണക്ഷൻ ലഭിക്കും.