എം.പി. നാരായണമേനോൻ- കട്ടിലശേരി മുഹമ്മദ് മുസ്ലിയാർ ഡോക്യുമെന്ററി പ്രകാശനം
1594186
Wednesday, September 24, 2025 5:50 AM IST
മങ്കട: മതസൗഹാർദത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുകയും ബ്രിട്ടീഷുകാർക്കും ജൻമിമാർക്കുമെതിരെ പോരാട്ടം നടത്തിയതിന്റെയും പേരിൽ ജയിൽവാസം അനുഷ്ഠിക്കുകയും നാടുകടത്തപ്പെടുകയും ചെയ്ത കട്ടിലശേരി മുഹമ്മദ് മുസ്ലിയാരുടെയും എം.പി. നാരായണ മേനോന്റെയും ജീവചരിത്രവും സമര പോരാട്ടങ്ങളും ഉൾക്കൊള്ളിച്ച് ഡിജിറ്റൽ ഡോക്യുമെന്ററി പുറത്തിറക്കി.
മങ്കട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തയാറാക്കിയ ഡോക്യുമെന്ററി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രകാശനം ചെയ്തു. ചരിത്രസത്യം ഓർമിക്കാൻ സഹായകരമാകും വിധം ഡിജിറ്റൽ ഡോക്യുമെന്ററി തയാറാക്കാൻ പദ്ധതി വിഭാവന ചെയ്ത മങ്കട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനം സംസ്ഥാനത്തെ ഇതര തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്ന് വി.ഡി.സതീശൻ പറഞ്ഞു.
ചരിത്ര സത്യങ്ങൾ വികൃതമാക്കുവാൻ വെന്പൽ കൊള്ളുന്ന ഈ കാലഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരവികേന്ദ്രീകരണം വഴി ലഭ്യമായ അധികാരം വിനിയോഗിച്ച് മറ്റു വികസന പ്രവർത്തനങ്ങളോടൊപ്പം ഇത്തരം പ്രവർത്തനങ്ങൾക്ക് കൂടി പ്രാമുഖ്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ മഞ്ഞളാംകുഴി അലി എംഎൽഎ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ടി.അബ്ദുൾ കരീം, വൈസ് പ്രസിഡന്റ്് കെ.വി. ജുവൈരിയ, കാലിക്കട്ട് യൂണിവേഴ്സിറ്റി ചരിത്രവിഭാഗം തലവൻ പ്രഫ. ശിവദാസൻ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ. ശശീന്ദ്രൻ, ഫൗസിയ പെരുന്പള്ളി,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്്മാരായ നുഹ്മാൻ ഷിബിലി, അഡ്വ. അസ്ഗർ അലി, അബ്ദുൾ മാജിദ് ആലുങ്ങൽ, ഉമ്മുകുൽസു ചക്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ എം.പി. നാരായണമേനോൻ- കട്ടിലശേരി മുഹമ്മദ് മുസ്ലിയാർ എന്നിവരുടെ കുടുംബാംഗങ്ങളെയും സംവിധായകൻ സുജിത് ഹുസൈനെയും പ്രതിപക്ഷ നേതാവ് ആദരിച്ചു.