കക്കയത്തെ കടുവ സാന്നിധ്യം: ആർആർടി പരിശോധന നടത്തി
1596745
Saturday, October 4, 2025 4:34 AM IST
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡിലെ ഏഴാം പാലത്തിന് സമീപം ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം സന്ധ്യയോടെ യുവാവ് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ കടുവയെ കണ്ടതിനെ തുടർന്ന് പ്രദേശത്ത് ആശങ്ക. തുടർന്ന് വനംവകുപ്പിന്റെ കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളും നാട്ടുകാരും ചേർന്ന് കഴിഞ്ഞദിവസം രാത്രിയിലും ഇന്നലെ രാവിലെയും ഈ മേഖലയിൽ പരിശോധന നടത്തി.
എന്നാൽ കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല. മാത്രമല്ല കാൽപ്പാടുകളോ മറ്റൊന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സി.വിജിത്ത് ദീപികയോട് പറഞ്ഞു.
കഴിഞ്ഞ ഒരു മാസം മുൻപാണ് ഡാം സൈറ്റ് റോഡിലെ വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിന് സമീപമുള്ള സിസിലി മുക്ക് മേഖലയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ ഇതുവഴി യാത്ര ചെയ്യുന്നതിനിടെ കടുവയെ കണ്ടിരുന്നു. ഇതു കൂടാതെ മാസങ്ങൾക്ക് മുൻപ് വാൽവ് ഹൗസിന് സമീപം വച്ചും ജീവനക്കാർ കടുവയെ കണ്ടിട്ടുണ്ട്. അനുദിനം ഒട്ടനവധിയാളുകൾ ഇതുവഴി യാത്ര ചെയ്യുന്നുണ്ട്.
ജനവാസ മേഖലകൂടിയായ പ്രദേശത്ത് തുടർച്ചയായി കടുവയെ റോഡിൽ കണ്ടതോടെ പ്രദേശവാസികളിലും ഏറെ ആശങ്കക്കിടയാക്കിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് പ്രദേശത്ത് വനംവകുപ്പ് മേഖലയിൽ നിരീക്ഷണം ശക്തമാക്കണമെന്നും രാത്രികാല പെട്രോളിംഗ് നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.
കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സി. വിജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എസ്. കെ സാരംഗ്, എസ്. അഭിനന്ദ്, ശബരിനാഥ്, വാച്ചർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
മേഖലയിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന്
കക്കയം ജനവാസ മേഖയിൽ നിരന്തരം കാട്ടുപോത്തും കടുവയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീക്ഷണി ഉയർത്തുന്ന സാഹചര്യത്തിൽ കക്കയം ഡാം സൈറ്റ് റോഡിലെ ഏഴാം പാലം മുതൽ എട്ടാം പാലം വരെയുള്ള ജനവാസ മേഖലകളിൽ അടിയന്തിരമായി വഴിവിളക്ക് സ്ഥാപിക്കണമെന്ന് കക്കയം വാലി റസിഡൻസ് അസോസിയേഷൻ യോഗം കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
ജോൺസൺ കക്കയം അധ്യക്ഷത വഹിച്ചു. സജി കൊച്ചുപുര, വിൻസെന്റ് ജോർജ്, ആന്റണി വേമ്പുവിള, ബെന്നി കുറുമുട്ടം, അമൽ കോയിക്കകുന്നേൽ, ജോൺ വേമ്പുവിള എന്നിവർ പ്രസംഗിച്ചു.
വനം വകുപ്പ് നിസംഗത പാലിക്കുന്നുവെന്ന്
കക്കയത്ത് വിനോദസഞ്ചാര മേഖലയിലും ജനവാസ മേഖലയിലും മാസങ്ങളായി കടുവയുടെ സാന്നിധ്യം ഉണ്ടായിട്ടും വനം വകുപ്പ് നിസംഗത പാലിക്കുകയാണെന്ന് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജോൺസൺ കക്കയം ആരോപിച്ചു. കക്കയത്തെ കർഷകൻ പാലാട്ടിയിൽ ഏബ്രഹാം കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട നാൾ മുതൽ വനം വകുപ്പ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്.
വനം വകുപ്പിന്റെ ഉറപ്പുകൾ ജനങ്ങൾ വിശ്വാസിക്കുന്നില്ല. ഫെൻസിംഗ് അടക്കമുള്ള വാഗ്ദാനങ്ങളെ കുറിച്ച് അധികാരികൾക്ക് മിണ്ടാട്ടമില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
രാത്രി സമയങ്ങളിൽ ടാപ്പിംഗിന് പോകുന്ന കർഷകരും, വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്ന പ്രദേശവാസി കളും കുട്ടികളുമൊക്കെ കക്കയം വാലി പ്രദേശത്ത് ഭീതിയിലാണുള്ളത്. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ സമര പരിപാടികൾ സംഘടിപ്പിക്കേണ്ടിവരുമെന്നും വനം വകുപ്പ് കടവയുടെ സാന്നിധ്യം കണ്ടെത്താൻ കൂടുതൽ ശാസ്ത്രീയമായി തെരച്ചിൽ തുടരണമെന്നും ജോൺസൺ കക്കയം ആവശ്യപ്പെട്ടു.