കൂരാച്ചുണ്ട് - ശങ്കരവയൽ - കേളോത്തുവയൽ റോഡിൽ ദുരിതയാത്ര
1596751
Saturday, October 4, 2025 4:50 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് ഒന്ന്, രണ്ട്, പതിമൂന്ന് വാർഡുകൾ ഉൾപ്പെടുന്നതും നൂറ് കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്നതുമായ കൂരാച്ചുണ്ട് - ശങ്കരവയൽ- കേളോത്തുവയൽ റോഡിലെ യാത്ര ദുഷ്കരം. കാലങ്ങളായി റോഡ് ടാറിംഗ് തകർന്ന് തരിപ്പണമായി കിടക്കുകയാണ്.
കൂരാച്ചുണ്ടിൽ നിന്നും പേരാമ്പ്രയിലേക്ക് പോകാൻ ബൈപാസായി ഉപയോഗിക്കുന്ന റോഡാണ് തകർന്നിരിക്കുന്നത്. ഏറെ പ്രാധാന്യമേറിയ റോഡിന്റെ കൂരാച്ചുണ്ട് ടൗൺ മുതൽ അറയ്ക്കൽ താഴെ വരെയുള്ള ഒരു കിലോമീറ്റർ ദൂരം ജില്ലാ പഞ്ചായത്ത് ഒരു വർഷം മുമ്പ് നവീകരണം നടത്തിയിരുന്നു.
എന്നാൽ ബാക്കി വരുന്ന കേളോത്തുവയലിനു സമീപം കണ്ണാടിപ്പാറ വരെയുള്ള റോഡിന്റെ മൂന്ന് കിലോമീറ്ററോളം ദൂരം വരുന്ന ഭാഗമാണ് ടാറിംഗ് തകർന്ന് കാൽനട യാത്രപോലും ദുഷ്കരമായി മാറിയത്. ഈ മേഖലയിലെ കോയിപ്പറമ്പ്, ശങ്കരവയൽ, കണ്ണാടിപ്പാറ, മറുമണ്ണ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്.
ഓട്ടോറിക്ഷകൾ അടക്കമുള്ള ടാക്സി വാഹനങ്ങൾ ഇതുവഴി സർവീസ് നടത്താൻ പോലും പ്രയാസപ്പെടുന്നു. റോഡിന്റെ ദുരവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.