പൊലിഞ്ഞുപോയ ജീവനില്നിന്ന് ജീവന്റെ ആറ് പുതുതുടിപ്പുകള് : വീട്ടമ്മയുടെ അവയവങ്ങള്‍ ദാനം ചെയ്തു
1596746
Saturday, October 4, 2025 4:34 AM IST
കോഴിക്കോട്: അകാലത്തില്‍ പൊലിഞ്ഞ വീട്ടമ്മ ആറു പേര്‍ക്ക് ജീവന്റെ തുടിപ്പുകള്‍ പകര്‍ന്നു. ഹൃദയവും കരളും വൃക്കകളും കണ്ണുകളും പകുത്തിനല്കിയാണ് കോഴിക്കോട് ചാലപ്പുറം വെളിയഞ്ചേരിയില്‍ പള്ളിയത്ത് വീട്ടില്‍ അജിത (46) ഈ ലോകത്തോട് വിടപറഞ്ഞത്. ഇവരുടെ സ്നേഹം ഇനി ആറുപേരില്‍ പ്രകാശം ചൊരിയും.
സെപ്റ്റംബര്‍ 28നാണ് അജിത ബേബിമെമ്മോറിയല്‍ ആശുപത്രിയില്‍ അഡ്മിറ്റായത്. മാസ്തിഷ്ക്കാഘാതത്തെതുടര്ന്നായിരുന്നു അന്ത്യം. ബന്ധുക്കള്‍ അവയവദാനത്തിന് തയാറായി മുന്നോട്ടുവന്നതോടെയാണ് നന്മയുടെ തിരി തെളിഞ്ഞത്. മൃതസഞ്ജീവനിയുമായി ബന്ധപ്പെട്ട് അവയവദാനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു.
രണ്ടു വൃക്കകളും ദാനം ചെയ്തു. ഒന്ന് ബേബിമെമ്മോറിയലില്‍ ചികിത്സയില്‍ കഴിയുന്ന അന്‍പത്തിയേഴുകാരനും മറ്റൊന്നു മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പത്തൊമ്പതുകാരനും നല്കി. ഹൃദയം മെട്രോമെഡ് ഹോസ്പിറ്റലില്‍ ഒരു രോഗിക്ക് മാറ്റിവച്ചു. കരള്‍ ബേബി മെമ്മോറിയലിലെ 59-കാരന് നല്കി.രണ്ടു കണ്ണുകളും മെഡിക്കല്‍ കോളജിലെ നേത്രബാങ്കിലേക്ക് ദാനം ചെയ്തു.
കരള്‍ മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് ഡോ. ഐ.കെ ബിജു, ഡോ ഷൈലേഷ് അയികോട്ട്, ഡോ. എം.സി രാജേഷ് എന്നിവര്‍ നേതൃത്വം നല്കി. വൃക്ക മാറ്റിവയ്ക്കലിന് ഡോ. സുനില്‍ ജോര്‍ജ്, ഡോ. പൗലോസ് ചാലി, ഡോ. അഞ്ജന എന്നിവരും നേതൃത്വം കൊടുത്തു.
ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ നിതിന്‍ രാജ് വിവിധ ക്രമീകരണങ്ങള്‍ ഏകോപിപ്പിച്ചു. കുട്ടന്‍നായരുടെയും കമലയുടെയും മകളാണ് അജിത. ഭര്‍ത്താവ്: രവീന്ദ്രന് (മണി). മക്കള്‍: സാരംഗി, ശരത്ത്. മരുമകന്: മിഥുന്. സഹോദരങ്ങള്‍: ഗണേഷ്കുമാര്, അനില്‍, അനൂപ്, സബിത.