എലത്തൂരിലെ വിവിധ റോഡുകൾ മന്ത്രി ഉദ്ഘാടനം ചെയ്തു
1596758
Saturday, October 4, 2025 4:50 AM IST
കോഴിക്കോട്: എലത്തൂർ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകൾ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ വലോട്ടിൽ ഭഗവതി ക്ഷേത്രം -കപ്പിയിൽ റോഡ്, തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പാറക്കണ്ടി-ചെറുകാട്ട് ക്ഷേത്രം റോഡ്, നടുതുരുത്തി മാട്ടുവയിൽ -തെക്കേതലക്കൽ റോഡ്, കോഴിക്കോട് കോർപറേഷനിലെ മനേടത്ത് താഴം-പാണ്ട്യാടത്ത് റോഡ് എന്നിവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
ചേളന്നൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിലെ വലോട്ടിൽ ഭഗവതി ക്ഷേത്രം -കപ്പിയിൽ റോഡ് എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്ന് ഏഴ് ലക്ഷം രൂപയും ചേളന്നൂർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ 3,50,000 രൂപയും ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ചടങ്ങിൽ റോഡിന് സ്ഥലം സൗജന്യമായി വിട്ടുനൽകിയ ടി. അഖില, ടി. ആതിര എന്നിവരെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ അധ്യക്ഷനായി. ബ്ലോക്ക് മെമ്പർ എൻ. ഫാസിൽ, വാർഡ് മെമ്പർ എൻ. രമേശൻ, എം.കെ. രാജേന്ദ്രൻ, വി. പ്രഭാകരൻ, സുബിൽ, വി.ടി. പുരുഷോത്തമൻ, അഖിനേഷ്, ഹരിദാസൻ, വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു.
പാറക്കണ്ടി -ചെറുകാട്ട് ക്ഷേത്രം റോഡ് എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ചാണ് കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കിയത്. ചടങ്ങിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ. ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.ജി. പ്രജിത, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഐ.പി. ഗീത, വാർഡ് മെമ്പർ കെ.വി. ഗിരീഷ്, വാർഡ് കൺവീനർ പി. ഹരീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
മന്ത്രി എ.കെ. ശശീന്ദ്രന്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ ഹാർബർ എൻജിനീയറിംഗ് വകുപ്പ് അനുവദിച്ച 91,92000 രൂപ ചെലവിട്ടാണ് നടുതുരുത്തി മാട്ടുവയിൽ -തെക്കേത്തലക്കൽ റോഡ് നവീകരിച്ചത്. ഉദ്ഘാടന ചടങ്ങിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള അധ്യക്ഷയായി. അസി. എക്സിക്യൂട്ടീവ് എൻജിനീയർ സൗമ്യ ഗംഗാധരൻ റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് കെ.കെ. ശിവദാസൻ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഐ.പി. ഗീത, വാർഡ് മെമ്പർ ഷൈനി ശ്രീരാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി15 ലക്ഷം രൂപ ചെലവിട്ടാണ് മനേടത്ത് താഴം-പാണ്ട്യാടത്ത് ഡ്രൈനേജ് കം റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്.
പരിപാടിയിൽ കോർപറേഷൻ വാർഡ് കൗൺസിലർ വി.പി. മനോജ് അധ്യക്ഷനായി. കൗൺസിലർ എസ്.എം. തുഷാര, വാർഡ് കൺവീനർ അബൂബക്കർ സിദ്ധീഖ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.