കാട്ടുപന്നി ശല്യം; നഗരസഭക്ക് മുന്നിൽ നിരാഹാര സമരം തുടങ്ങി
1596752
Saturday, October 4, 2025 4:50 AM IST
മുക്കം: നഗരസഭ പരിധിയിൽ കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകരുടെ അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന് തുടക്കം. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ സർക്കാർ അനുമതി നൽകിയിട്ടും നഗരസഭ ഒഴിഞ്ഞു മാറുകയാണന്നാരോപിച്ചാണ് സമരം.
സമീപ പഞ്ചായത്തുകൾ നായാട്ടു നടത്തിയും മറ്റും കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നത് ചൂണ്ടിക്കാട്ടുമ്പോൾ നഗരസഭ കണ്ണടയ്ക്കുകയാണ്. നായാട്ടിനുള്ള സാമ്പത്തിക ചെലവ് ഏറ്റെടുക്കാൻ തയാറാവുകയും 20 ഷൂട്ടർമാർ അനുമതി രേഖകൾ നൽകിയിട്ടും മുക്കം നഗരസഭ കർഷക, ജന വിരുദ്ധ നിലപാടിൽ ഉറച്ചു നിൽക്കുകയാണന്നും സമരക്കാർ പറഞ്ഞു.
രാവിലെ കൃഷിയിടത്തിൽനിന്ന് ആരംഭിച്ച ഉപവാസം വൈകുന്നേരം മൂന്നിന് നഗരസഭ കവാടത്തിൽ എത്തി തുടരുകയായിരുന്നു. വൈകിട്ട് ആറു വരെയായിരുന്നു ഇന്നലത്തെ നിരാഹാര സമരം.
ഉപവാസ സമരം കർഷകൻ പൈറ്റുളി ഭാസ്കരൻ നായർ ഉദ്ഘാടനം ചെയ്തു. സമരത്തിൽ ഷാജി രാജ് ലങ്കയിൽ, സിദ്ധാർത്ഥൻ മാമ്പറ്റ, മുനീർ മുത്താലം, വിനോദ് മണാശ്ശേരി, ദാമോദരൻ കോഴഞ്ചേരി, സുധാകരൻ കപ്പിയാടത്ത്, ഗോപി കളരിക്കണ്ടി, റുക്കിയ ടീച്ചർ, സഫിയ പുൽപറമ്പ്, ബേബി മുത്താലം, ബാബു ആക്കത്തൊടി, സൈനബ മുത്താലം, കുര്യൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു .
സമര പന്തലിൽ നിന്ന് മടങ്ങിയ കർഷകയെ കാട്ടുപന്നി അക്രമിച്ചു
മുക്കം: മുക്കം നഗരസഭ കവാടത്തിൽ കാട്ട് പന്നിയുടെ ശല്യത്തിനെത്തിരേ ഉപവാസ സമരത്തിൽ പങ്കെടുത്ത് മടങ്ങിയ കർഷകയെ കാട്ടു പന്നി അക്രമിച്ച് പരിക്കേൽപ്പിച്ചു. പുൽപ്പറമ്പ് എടോളി പാലി സഫിയ (60) ക്കാണ് കാട്ടു പന്നിയുടെ അക്രമണത്തിൽ കാലിനും കൈക്കും പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് 6.30 ഓടെണ് സംഭവം. തന്റെ കൃഷിയിടത്തിൽ വിളവെടുപ്പ് നടത്തുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി.