വന്യമൃഗാക്രമണം തടയണം: തൊഴിലാളികൾ മാർച്ച് നടത്തി
1596757
Saturday, October 4, 2025 4:50 AM IST
പെരുവണ്ണാമൂഴി: വന്യമൃഗങ്ങളുടെ അക്രമത്തിൽ നിന്നും പ്ലാന്റേഷൻ കോർപറേഷൻ പേരാമ്പ്ര എസ്റ്റേറ്റ് തൊഴിലാളികളെ സംരക്ഷിക്കാൻ മാനേജ്മെന്റ് തയാറാവണമെന്നാവശ്യപ്പെട്ട്സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ എസ്റ്റേറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.
സിഐടിയു ഏരിയ സെക്രട്ടറി കെ. സുനിൽ ഉദ്ഘാടനം ചെയ്തു. തുടർച്ചയായ കാട്ടാനകളുടെ ശല്യം കാരണം പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികൾ പൊറുതി മുട്ടുകയാണ്. ഏറ്റവും അവസാനമായി കഴിഞ്ഞ മാസം നൈറ്റ് വാച്ചുമാനായി ജോലി ചെയ്ത എസ്റ്റേറ്റ് തൊഴിലാളി സി.എൻ ബാബു കാട്ടാനക്കൂട്ടങ്ങളുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു.
കഷ്ടിച്ചു രക്ഷപ്പട്ടെങ്കിലും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മിനിമം കൂലി പോലും ലഭ്യമാവാതെ അപകട സാധ്യത കൂടുതലുള്ള തോട്ടം തൊഴിൽ മേഖലയിൽ മതിയായ സംരക്ഷണം നൽകാൻ എസ്റ്റേറ്റ് മാനേജ്മെന്റ് തയാറാവണമെന്നും പരിക്കേറ്റ സി.എൻ. ബാബുവിന് തുടർ ചികിത്സയും കുടുംബത്തിന് ആവശ്യമായ ധന സഹായവും നൽകണമെന്നും കെ. സുനിൽ ആവശ്യപ്പെട്ടു. എഐടിയുസി സെക്രട്ടറി കെ.കെ ഭാസ്കരൻ അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര എസ്റ്റേറ്റ് ലേബർ സെന്റർ എച്ച്എംഎസ് യൂണിറ്റ് പ്രസിഡന്റ് കെ.ജി. രാമനാരായണൻ, വിജു ചെറുവത്തൂർ, പി.ജെ. റജി എന്നിവർ പ്രസംഗിച്ചു. ടി. ഭാസ്ക്കരൻ എരവട്ടൂർ, പ്രേംരാജ്, എം.സി പ്രദീപ് കുമാർ, സിന്ധു മൈക്കിൾ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.