സഹകരണ പെൻഷൻകാരുടെ സെക്രട്ടേറിയറ്റ് മാർച്ച്: ജില്ലയിൽനിന്നു 150 പേർ പങ്കെടുക്കും
1595326
Sunday, September 28, 2025 5:45 AM IST
കൽപ്പറ്റ: കേരള കോ ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 30ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.
പെൻഷൻ ബോർഡ് നിർത്താലാക്കി അതിനെ സഹകരണ ജീവനക്കാരുടെ വെൽഫെയർ ബോർഡിന്റെ ഭാഗമാക്കുക, പെൻഷൻ കോണ്ട്രിബ്യൂഷൻ നിരക്ക് വർധിപ്പിക്കുക, സഹകരണ സ്ഥാപനങ്ങളുടെ ലാഭവിഹിതത്തിൽ 10 ശതമാനം പെൻഷൻ ഫണ്ടിലേക്ക് നീക്കിവയ്ക്കുന്നതിന് നിയമനിർമാണം നടത്തുക,
പെൻഷൻ കാലോചിതമാക്കുന്നതിൽ താമസമുണ്ടാകുന്നപക്ഷം 15 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക, പെൻഷൻ നിയമത്തിൽ പറയുന്നതുപോലെ പെൻഷൻ ഫണ്ടിലേക്ക് സർക്കാർ ബജറ്റ് വിഹിതം അനുവദിക്കുക, പലിശനിരക്ക് കൂടുതയുള്ളതും സുരക്ഷിതവുമായ സംവിധാനത്തിലേക്ക് പെൻഷൻ ഫണ്ട് നിക്ഷേപം മാറ്റുക,
നിർത്തലാക്കിയ ക്ഷാമാശ്വാസം പുനഃസ്ഥാപിക്കുക,മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുക, മിനിമം, മാക്സിമം പെൻഷനുകൾ വർധിപ്പിക്കുക, ബയോമെട്രിക് മസ്റ്ററിംഗിനു വിധേയമാക്കുന്പോൾ സാമൂഹികസുരക്ഷാപെൻഷനുകൾ വാങ്ങുന്നതിലെ തടസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
മാർച്ചിൽ ജില്ലയിൽനിന്നു 150 പേർ പങ്കെടുക്കുമെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.കെ. കേളപ്പൻ, സെക്രട്ടറി എ. ശ്രീധരൻ, കമ്മിറ്റി അംഗങ്ങളായ പി.കെ. ബാബുരാജ്, ടി. വിശ്വനാഥൻ, ഇ.ജെ. ലൂക്കോസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.