നബാർഡ് സംഘം പുലിക്കാട് നീരുറവ പ്രദേശം സന്ദർശിച്ചു
1595328
Sunday, September 28, 2025 5:51 AM IST
മാനന്തവാടി: നീരുറവ സംരക്ഷണ പദ്ധതി സാധ്യതാപഠനത്തിന് നബാർഡ് സംഘം എടവക പഞ്ചായത്തിലെ പുലിക്കാട് പ്രദേശം സന്ദർശിച്ചു. നബാർഡിന്റെ സാന്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പക്കാൻ ആലോചിക്കുന്നതാണ് പദ്ധതി.
വില്ലജ് നീർത്തട കമ്മിറ്റിയും സൊസൈറ്റിയും സംയുക്തമായി പദ്ധതി രൂപരേഖ തയാറാക്കി നബാർഡ് അംഗീകാരത്തിന് സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു നബാർഡ് കേരള റീജിയണൽ ഓഫീസിലെ അസിസ്റ്റന്റ് ജനറൽ മാനേജർ വി.എസ്. കിരണ്‍, അസിസ്റ്റന്റ് മാനേജർ നിഖിൽ സുരേഷ് ഗെയ്ക്വാദ് എന്നിവരുടെ സന്ദർശനം.
സൊസൈറ്റി കണ്ടെത്തിയ 10 നീരുറവകളിൽ അഞ്ച് എണ്ണത്തിന്റെ സാങ്കേതിക പരിശോധന നബാർഡ് സംഘം നടത്തി. നീർത്തട കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തിയ അവർ രേഖകൾ പരിശോധിച്ചു.
സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, എടവക പഞ്ചായത്ത് അംഗം ഷിൽസണ്‍ മാത്യു, നീർത്തട കമ്മിറ്റി ഭാരവാഹികളായ കെ.ജെ. വർഗീസ്, പി.ജെ. സിനോജ്, സൊസൈറ്റി പ്രോഗ്രാം കോ ഓർഡിനേറ്റർ ദീപു ജോസഫ്, റോബിൻ ജോസഫ് എന്നിവർ സംഘത്തെ അനുഗമിച്ചു.