വസ്ത്രവ്യാപാര സ്ഥാപനത്തിൽ മോഷണം: വസ്ത്രങ്ങൾ കടത്തിയ ഫ്രണ്ട് ഓഫീസ് മാനേജർ അറസ്റ്റിൽ
1595649
Monday, September 29, 2025 5:22 AM IST
സുൽത്താൻ ബത്തേരി: ടൗണിലെ യെസ് ഭാരത് വസ്ത്രവ്യാപാര സ്ഥാപനത്തിൽനിന്ന് വസ്ത്രങ്ങൾ കടത്തിയ ഫ്രണ്ട് ഓഫീസ് മാനേജർ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ ഏറ്റിൻകടവ് സുമയ്യ മൻസിൽ ഷാദി അസീസിനെയാണ്(38) പോലീസ് അറസ്റ്റ് ചെയ്തത്.
17,355 രൂപ വില വരുന്ന വസ്ത്രങ്ങളാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ പല തവണകളായി ഇയാൾ കടത്തിയത്. കളവുചെയ്ത വസ്ത്രങ്ങൾ പാക്ക് ചെയ്ത് അതിനു മുകളിൽ കസ്റ്റമർ പർച്ചേസ് ചെയ്യുന്ന വസ്ത്രങ്ങളുടെ ബില്ലിന്റെയും കാഷ് അടച്ച ബില്ലിന്റെയും കോപ്പി ഒട്ടിച്ച് പാക്കിംഗ് സെക്ഷനിൽ കാണിച്ചാണ് വസ്ത്രങ്ങൾ കടത്തിയത്.
മോഷണം ശ്രദ്ധയിൽപ്പെട്ട വസ്ത്രാലയം മാനേജ്മെന്റ് പോലീസിൽ പരാതി നൽകുകയായിരുന്നു. എസ്ഐ എം. രവീന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.