വയനാട് ടൂറിസം പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന പാതയിൽ: മന്ത്രി ഒ.ആർ. കേളു
1595675
Monday, September 29, 2025 6:04 AM IST
കൽപ്പറ്റ: വയനാട് ടൂറിസം പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന പാതയിലെന്ന് പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു. കുറുവ ദ്വീപിൽ നിർമിച്ച ചങ്ങാടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വയനാട് ടൂറിസം തിരിച്ചു വരവിന്റെ പാതയിലാണ്. കുറുവ ദ്വീപിൽ എത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ മുള ചങ്ങാടങ്ങൾ ഒരുക്കിയത്.
വരുന്ന അവധി ദിവസങ്ങളിൽ വിനോദത്തിനു ഏറെ അനുയോജ്യമായ പ്രദേശമാണ് കുറുവ ദ്വീപെന്നും മന്ത്രി പറഞ്ഞു. പരിസ്ഥി സൗഹൃദമായ കൂടുതൽ സൗകര്യങ്ങൾ സഞ്ചാരികൾക്ക് ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, കുറുവ ഡിഎംസി മാനേജർ രതീഷ് ബാബു, ഡിടിപിസി അഡ്മിനിസ്ട്രേഷൻ മാനേജർ പി.പി. പ്രവീണ് എന്നിവർ പ്രസംഗിച്ചു.
പുത്തനുണർവിൽ കുറവാ ദ്വീപ്; അവധി ദിനങ്ങൾ ആഘോഷമാക്കാൻ സഞ്ചാരികൾ ഒഴുകിയെത്തി
കൽപ്പറ്റ: വടക്കേ വയനാട്ടിൽ കിഴക്കോട്ട് ഒഴുകുന്ന കബനീ നദിയുടെ ശാഖകളാൽ ചുറ്റപ്പെട്ട് 950 ഏക്കറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന നിത്യഹരിതവനമായ കുറുവദ്വീപ് പുത്തൻ ഉണർവിൽ. കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവ ദ്വീപിലേക്ക് വീണ്ടും സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതോടെ മാസങ്ങൾക്ക് ശേഷം ടൂറിസം മേഖല സജീവമായി.
അപൂർവയിനം പക്ഷികൾ, പൂക്കൾ, ചിത്രശലഭങ്ങൾ, ഔഷധസസ്യങ്ങൾ, കൂടാതെ വിവിധ തരത്തിലുള്ള വൃക്ഷലതാദികൾ എന്നിവകൊണ്ട് സന്പന്നമായ കുറുവദ്വീപ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട വിനോദകേന്ദ്രമാണ്. മാനന്തവാടി പാൽവെളിച്ചം ഭാഗത്തുനിന്നും പുൽപ്പള്ളി പാക്കം ഭാഗത്തുനിന്നുമായി രണ്ട് പ്രവേശനകവാടങ്ങളിലൂടെ പ്രതിദിനം 489 പേരെയാണ് കുറുവ ദ്വീപിലേക്ക് കടത്തിവിടുന്നത്.
എല്ലാ വർഷവും കാലവർഷത്തോടനുബന്ധിച്ച് കബനീ നദിയിൽ ജലനിരപ്പ് ഉയരുന്പോൾ കുറുവദ്വീപിലേക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവയ്ക്കാറുണ്ട്. ഈ വർഷം ജൂണ് പകുതിയോടെ അടച്ചിട്ട കുറുവ ദ്വീപിലേക്ക് ഈ മാസം 14 മുതലാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്.
മുതിർന്നവർക്ക് 220 രൂപയും വിദ്യാർഥികൾക്ക് 100 രൂപയും വിദേശ സഞ്ചാരികൾക്ക് 440 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡിഎംസിയുടെ നേതൃത്വത്തിൽ കുറുവദ്വീപിൽ നടത്തുന്ന ചങ്ങാട സവാരിയും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. ചങ്ങാടസവാരിക്ക് മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് ചാർജ് ഈടാക്കുന്നത്.
രണ്ട് പേർക്ക് 300 രൂപ നിരക്കിൽ ഇവിടെ നടത്തിവന്നിരുന്ന കയാക്കിംഗ് ഉടനെ പുനഃരാരംഭിക്കും. സഞ്ചാരികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് മുതലായവയും നിർബന്ധമാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കർളാട് തടാകത്തിൽ ഇനി ചങ്ങാട യാത്രയും
തരിയോട്: പ്രകൃതി ഭംഗി ആസ്വദിക്കാൻ കർളാട് ശുദ്ധജല തടാകത്തിൽ വിനോദ സഞ്ചാരികൾക്ക് ചങ്ങാട യാത്ര ഒരുങ്ങി. 10 പേർക്ക് യാത്ര ചെയ്യാവുന്ന നാല് ചങ്ങാടങ്ങളാണ് പുതുതായി നീറ്റിലിറക്കിയത്. തരിയോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ചങ്ങാട സർവീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മുൻകാലത്ത് 45 പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന ചങ്ങാടം ഉണ്ടായിരുന്നെങ്കിലും ഒന്നര വർഷമായി അവ പ്രവർത്തനക്ഷമമല്ല. 10 പേർ വരെയുള്ള ഗ്രൂപ്പിന് അരമണിക്കൂർ യാത്രയ്ക്ക് ആയിരം രൂപയാണ് ടിക്കറ്റ് നിരക്ക്.
പത്തര ഏക്കർ വരുന്ന പ്രകൃതിരമണീയമായ ഈ ശുദ്ധജല തടാകത്തിലെ ചങ്ങാട യാത്രയ്ക്ക് തുഴച്ചിൽ ജീവനക്കാരുടെ സേവനം ലഭ്യമാണ്. കുടുംബങ്ങൾക്കും സൗഹൃദ ഗ്രൂപ്പുകൾക്കും തടാക യാത്ര ഒന്നിച്ച് ആസ്വദിക്കാൻ ഇതിലൂടെ സാധിക്കും. ടൂറിസം കേന്ദ്രം മാനേജർ കെ.എൻ. സുമാദേവി, ലൂക്കാ ഫ്രാൻസിസ്, കെ.പി. ശിവദാസ് തുടങ്ങിയവർ സംബന്ധിച്ചു.