സോണിയ, രാഹുൽ, പ്രിയങ്ക സന്ദർശനം: എസ്എൻഡിപിയിൽ വിവാദം പുകയുന്നു
1595678
Monday, September 29, 2025 6:04 AM IST
കൽപ്പറ്റ: ശ്രീനാരായണഗുരുവിന്റെ സമാധി ദിനത്തിൽ എസ്എൻഡിപി കൽപ്പറ്റ യൂണിയൻ ഓഫീസിൽ സോണിയ ഗാന്ധിയും മക്കളായ രാഹുലും പ്രിയങ്കയും നടത്തിയ സന്ദർശനത്തെച്ചൊല്ലി വിവാദം.
സമുദായത്തിന്റെ കൂട്ടായ്മയും അംഗബലവും ബോധ്യപ്പെടുത്താൻ അവസരം ഒരുക്കാതെ കൽപ്പറ്റ യൂണിയൻ ഓഫീസിൽ എംപിമാരെ എത്തിച്ച് കോണ്‍ഗ്രസ് നേതൃത്വം ജില്ലയിലെ ശ്രീനാരായണീയരെ അധിക്ഷേപിച്ചുവെന്ന പ്രമേയം എസ്എൻഡിപി ബത്തേരി യൂണിയൻ പാസാക്കിയതാണ് വിവാദത്തിന് ആധാരം.
എന്നാൽ എംപിമാർ കൽപ്പറ്റ യൂണിയൻ ഓഫീസിൽ നടത്തിയത് പ്രഹസന സന്ദർശനമാണെന്ന് കഴിഞ്ഞദിവസം എസ്എൻഡിപി ബത്തേരി യൂണിയൻ നേതൃത്വം വിളിച്ചുചേർത്ത ശ്രീനാരായണീയരുടെ യോഗം ആരോപിച്ചു.
ഈഴവ, തീയ്യ സമുദായങ്ങൾക്ക് മതിയായ പരിഗണന കോണ്‍ഗ്രസിൽ ലഭിക്കുന്നില്ലെന്ന ആക്ഷേപത്തിന് മറയിടുന്നതിനാണ് പാർട്ടി നേതാക്കളിൽ ചിലർ ഗൂഢാലോചന നടത്തി എംപിമാരെ യൂണിയൻ ഓഫീസിൽ എത്തിച്ചതെന്നു യോഗം കുറ്റപ്പെടുത്തി. ഷോയ്ക്കും ഫോട്ടോ ഷൂട്ടിനുമാണ് സോണിയയും മക്കളും യൂണിയൻ ഓഫീസ് സന്ദർശിച്ചതെന്ന് വിമർശിച്ചു.
എംപിമാർ എത്തിയപ്പോൾ യൂണിയൻ ഓഫീസിൽ നടക്കുകയായിരുന്ന ദൈവവദശകം(ശീനാരായണഗുരു രചിച്ച പ്രാർഥനാഗീതം) ആലാപനം സുരക്ഷാ ഉദ്യോഗസ്ഥർ നിർത്തിവയ്പ്പിച്ചത് ഗുരുവിനോടുള്ള അവഹേളനമാണെന്ന് യോഗം അഭിപ്രായപ്പെട്ടതായി എസ്എൻഡിപി ബത്തേരി യൂണിയൻ ചെയർമാൻ എൻ.കെ. ബാബുരാജ്, കണ്‍വീനർ എൻ.കെ. ഷാജി എന്നിവർ പറഞ്ഞു.
ഗുരുവിനെക്കുറിച്ച് ഒരക്ഷരംപോലും പ്രതിപാദിക്കാതെയാണ് എംപിമാർ ഹ്രസ്വസന്ദർശനം നടത്തി മടങ്ങിയത്. തലേന്നു രാത്രി വൈകിയാണ് സന്ദർശന വിവരം കൽപ്പറ്റ യൂണിയൻ ഭാരവാഹികളെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്. എംഎൽഎ മുഖേന കത്ത് നൽകിയിട്ടും പ്രിയങ്ക ഗാന്ധി ബത്തേരിയിൽ ജയന്തി ആഘോഷത്തിൽ പങ്കെടുക്കാത്തതിൽ ബത്തേരി യൂണിയന് ശക്തമായ പ്രതിഷേധം ഉണ്ടെന്നും ചെയർമാനും കണ്‍വീനറും പറഞ്ഞു.