കടുത്ത വേനലിൽ മത്സ്യങ്ങൾ ചത്തു പൊങ്ങുന്നു
1417057
Thursday, April 18, 2024 1:48 AM IST
ഇരിട്ടി: വേനൽ കടുത്തതോടെ ജലനിരപ്പ് താഴ്ന്നതിനാൽ മത്സ്യകൃഷി പ്രതിസന്ധിയിൽ. പായം പഞ്ചായത്തിലെ കോളിക്കടവ് ചീങ്ങാക്കുണ്ടത്തുള്ള മത്സ്യകർഷകൻ മാവിലെ വീട്ടിലെ ഗംഗാധരന്റെ നൂറുകണക്കിനു മത്സ്യങ്ങളാണു ചത്തുപൊങ്ങിയത്. കഴിഞ്ഞ മൂന്നുവർഷം തുടർച്ചയായി ഗംഗാധരൻ വീടിനു സമീപത്തുള്ള വയലിലെ കുളത്തിൽ മത്സ്യകൃഷി നടത്തിവരികയാണ്. ചിത്രലാട ഇനത്തിൽപ്പെട്ട മത്സ്യങ്ങളെയാണു വളർത്തുന്നത്.
ഇതുവരെ ഉണ്ടാകാത്ത രീതിയിൽ ഈവർഷം കുളത്തിലെ ജലനിരപ്പ് താഴ്ന്നിരുന്നു. ചൂട് വർധിക്കുന്നതിനനുസരിച്ച് ഓരോ ദിവസം കഴിയുംതോറും വെള്ളം ക്രമാതീതമായി കുറഞ്ഞതോടെയാണു നൂറുകണക്കിന് മത്സ്യങ്ങൾ ചത്തു പൊങ്ങിയത്. ഇതോടെ ഗംഗാധരൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്.
പ്രദേശങ്ങളിലെ കിണറുകൾ വറ്റിത്തുടങ്ങിയതോടെ കടുത്ത കുടിവെള്ള ഭീഷണിയും നേരിടുകയാണ്. പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും മത്സ്യം വളർത്തൽ പദ്ധതികളിലൊന്നും ഉൾപ്പെടാത്ത ചെറുകിട മത്സ്യകർഷകനായ ഗംഗാധരൻ ഇപ്പോൾ തനിക്ക് സംഭവിച്ച കനത്ത സാമ്പത്തിക നഷ്ടത്തിൽ നിന്നും എങ്ങനെ കരകയറണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.