എടക്കാനം റിവർവ്യൂ പോയിന്റ് ആക്രമണം: പ്രതികൾക്കെതിരേ കാപ്പ ചുമത്തിയേക്കും
1576978
Saturday, July 19, 2025 12:39 AM IST
ഇരിട്ടി: എടക്കാനം റിവർ വ്യൂ പോയിന്റിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണ കേസിലെ പ്രതികൾക്കെതിരേ കാപ്പ ചുമത്താനുള്ള നടപടി ആരംഭിച്ചതായി സൂചന. റിമാൻഡിൽ കഴിയുന്ന സിപിഎം കാക്കയങ്ങാട് ലോക്കൽ കമ്മറ്റി അംഗവും പാലപ്പുഴ കൂടലാട് ബ്രാഞ്ച് സെക്രട്ടറിയുമായ ദേവാർ ഹൗസിൽ എ. രഞ്ജിത്ത് (32), സിപിഎം പ്രവർത്തകരായ മുഴക്കുന്ന് ഗ്രാമം ഗുണ്ടികയിലെ കൈമടയൻ ഹൗസിൽ അക്ഷയ് (25), കാക്കയങ്ങാട് പടിഞ്ഞാറെക്കണ്ടി പിടാങ്ങോട് സ്വദേശി അരൂട്ടി എന്ന അരുൺ (33) എന്നിവർക്കെതിരെയാണ് കാപ്പ നിയമപ്രകാരം കേസെടുക്കാനുള്ള നടപടി ആരംഭിച്ചത്. ഇതു സംബന്ധിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതായാണ് അറിയുന്നത്.
ശുഹൈബ് വധക്കേസിലെ രണ്ടാം പ്രതി കാക്കയങ്ങാട് പാലപ്പുഴ സ്വദേശി ദീപ്ചന്ദ് (34) ആണ് എടക്കാനം കേസിലെ ഒന്നാം പ്രതി. മുഴക്കുന്ന് കായപ്പനച്ചി സ്വദേശിയും സിപിഎം പ്രവർത്തകനുമായ അട്ടാപ്പി എന്ന ശ്രീലാൽ (24), കാക്കയങ്ങാട് പാലപ്പുഴ കൂടലാട് സ്വദേശിയും സിപിഎം പ്രവർത്തകനുമായ സുജീഷ് (23) എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കാപ്പ കേസ് ചുമത്തുന്നതിനൊപ്പം കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ ദീപ് ചന്ദ്രന്റെ നിലവിലുള്ള ജാമ്യം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്കും പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.
ഒന്നാംപ്രതി ദീപ്ചന്ദ് ഉൾപ്പെടെയുള്ള 11 പ്രതികൾ ഒളിവിലാണ്. ഇവർ കർണാടകയിലേക്ക് കടന്നതായാണ് പോലീസിന്റെ നിഗമനം. കർണാടക പോലീസിന്റെ സഹകരണത്തോടെ അന്വേഷണം ശക്തമാക്കിയതായും പ്രതികൾ ഉടൻ വലയിലാകുമെന്നും ഇരിട്ടി സിഐ എ. കുട്ടികൃഷണൻ പറഞ്ഞു.