ഹൈടെക് സൗകര്യങ്ങളുമായി ചെറുതാഴം കൃഷിഭവൻ
1576976
Saturday, July 19, 2025 12:39 AM IST
കണ്ണൂർ: സസ്യങ്ങൾക്ക് രോഗം വന്നാൽ അവയുടെ കാരണങ്ങളും പരിഹാരവും വിശദമായി അറിയണ മെങ്കിൽ ചെറുതാഴം പഞ്ചായത്ത് കൃഷിഭവൻ വരെ വന്നാൽ മതി. ഇവിടെയുള്ള സസ്യക്ലിനിക്കിൽ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
രോഗകാരികൾ, ലക്ഷണങ്ങൾ, രോഗനിയന്ത്രണം തുടങ്ങി കർഷകർക്ക് ആവശ്യമുള്ള എല്ലാ അറിവുകളും ക്ലിനിക്കിൽ ലഭിക്കും. കൂടാതെ കീടനാശിനികൾ, അവയുടെ പ്രയോഗരീതി, കീടനിയന്ത്രണം തുടങ്ങിയ കൃഷി സംബന്ധമായ അറിവുകൾ സജ്ജമാക്കിയ സ്മാർട്ട് ക്ലാസ് റൂം സേവനവും ലഭിക്കും.
സസ്യ ക്ലിനിക്കിൽ എല്ലാവിധ സസ്യരോഗങ്ങളുമായി ബന്ധപ്പെട്ട സ്പെസിമനുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കർഷകർക്ക് ഇവ നേരിട്ടുകണ്ട് സസ്യങ്ങൾക്കുണ്ടാകുന്ന കീടബാധ, രോഗങ്ങൾ, ലക്ഷണങ്ങൾ എന്നിവ മനസിലാക്കാൻ കഴിയും. ഇവയുടെ വീഡിയോ, ചിത്രങ്ങൾ എന്നിവയും ഇവിടെ സജ്ജമാക്കിയ പ്രദർശന ബോർഡിൽ കാണാനാകും.
വിവിധ കീടനാശിനികൾ, കുമിൾ നാശിനികൾ എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്. കൃഷിവകുപ്പിന്റെ 25 ലക്ഷം രൂപയും പഞ്ചായത്തിന്റെ 6.7 ലക്ഷം രൂപയും ചെലവഴിച്ചാണ് കൃഷിഭവന്റെ ഹൈടെക് വത്കരണം സാധ്യമായത്.