ശിലാഫലകത്തിൽ രാഷ്ട്രീയപ്പോര്
1576906
Friday, July 18, 2025 7:58 AM IST
കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത് സ്ഥാപിച്ച ശിലാഫലകം മാറ്റിയത് വിവാദത്തിലേക്ക്. കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസ് പരിസരത്തെ വാക്ക് വേയിലെ ശിലാഫലകമാണ് മാറ്റിയത്. ഉമ്മൻചാണ്ടിയുടെ പേരുള്ള ഫലകം മാറ്റി മുഹമ്മദ് റിയാസിന്റെ പേരുള്ളത് സ്ഥാപിച്ചിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധിച്ചു.
നേതാക്കളും പ്രവർത്തകരും ചേർന്ന് ശിലാഫലകം മാറ്റിയ സ്ഥലത്ത് പുനഃസ്ഥാപിച്ചു. പയ്യാമ്പലം ഗസ്റ്റ് ഹൗസ് പരിസരത്തെ കുട്ടികളുടെ പാർക്കിന്റെയും നവീകരിച്ച സീ പാത്ത് വേയുടെയും ഉദ്ഘാടനം 2015 മേയ് 15ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് നിർവഹിച്ചത്.
ഉദ്ഘാടന ശിലാഫലകം അവിടെ സ്ഥാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2022 മാർച്ച് ആറിന് സീ പാത്ത് വേ ആൻഡ് സീ വ്യൂ പാർക്ക്, നവീകരികരിച്ച പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എം. മുഹമ്മദ് റിയാസ് നിർവഹിച്ചു. ഇതിന്റെയും ശിലാഫലകം ഗസ്റ്റ് ഹൗസ് പരിസരത്ത് സ്ഥാപിച്ചിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത് സ്ഥാപിച്ച ശിലാഫലകം മാറ്റിയതാണ് വിവാദത്തിലായത്. ശിലാഫലകം നീക്കി ആരും ശ്രദ്ധിക്കപ്പെടാത്തെ നിലയിൽ മാറ്റിവയ്ക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് തുടർന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. മാറ്റിവച്ച ശിലാഫലകം ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ പുനഃസ്ഥാപിക്കുകയായിരുന്നു.
ഇത് അല്പത്തരം: മാര്ട്ടിന് ജോര്‍ജ്
കണ്ണൂര്‍: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പയ്യാമ്പലത്ത് ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പാര്‍ക്കിന്റേയും സീ പാത്ത് വേയുടേയും ശിലാഫലകം മാറ്റി പകരം അതേ പദ്ധതി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതായി കാണിച്ച് പുതിയ ശിലാഫലകം സ്ഥാപിച്ചത് അല്പത്തരത്തിന്റെ അങ്ങേയറ്റമെന്ന് ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്.
ഉമ്മന്‍ചാണ്ടിയുടെ പേരുള്ള ശിലാഫലകം കുപ്പത്തൊട്ടിയില്‍ തള്ളി അതിന്മേല് ചൂലെടുത്തു വച്ചതായാണ് കണ്ടത്. ആരുടെ നിര്‍ദേശപ്രകാരമാണ് ഇതു ചെയ്തതെന്ന് വ്യക്തമാക്കണം. ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തതിന്റെ ശിലാഫലകം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ക്കിന്റെ കവാടത്തില്‍ വച്ചിട്ടുണ്ട്. ഇതു തകര്‍ക്കുകയോ എടുത്തുമാറ്റുകയോ ചെയതാല്‍ ഇവിടെ തന്നെ പുനസ്ഥാപിക്കും.ഏതു വിവരദോഷിയായ ഉദ്യോഗസ്ഥനാണ് ഇതിനു പിന്നിലെന്ന് അന്വേഷിക്കണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു.