ബാരാപോൾ കനാലിലെ വിള്ളൽ; ഇരുട്ടിൽ തപ്പി കെഎസ്ഇബി
1576907
Friday, July 18, 2025 7:58 AM IST
ഇരിട്ടി: ബാരാപോൾ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കനാലിൽ ഗർത്തം രൂപപ്പെട്ട് ഒരു മാസമാകുമ്പോഴും എന്തുചെയ്യണമെന്നറിയാതെ ഇരുട്ടിൽ തപ്പി കെഎസ്ഇബി. വൈദ്യുതി മന്ത്രി ഉൾപ്പെടെ സ്ഥലം സന്ദർശിച്ചിട്ടും യാതൊരു നടപടിയുമായിട്ടില്ല.
ഒരാഴ്ചയ്ക്കുള്ളിൽ ഉന്നതസംഘം സ്ഥലം സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും എത്തിയത് ചീഫ് എൻജിനിയർ (പ്രോജക്ട്) മാത്രം. തീരുമാനം വൈകുന്നതോടെ കോടികളുടെ വരുമാനം ലഭിക്കുന്ന പദ്ധതിയിൽ ഈ വർഷം ഉത്പാദനം നടക്കില്ലെന്ന് മാത്രമല്ല അടുത്ത സീസണിലെ പ്രവർത്തനത്തിന്റെ കാര്യത്തിലും ആശങ്കയുമുണ്ട്.
അതിനിടെ, കനാലിന് പകരം പൈപ്പിലൂടെ വെള്ളം എത്തിക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ തമിഴ്നാട്ടിൽ നിന്നുള്ള ഏജൻസി ഇന്നലെയെത്തിയിരുന്നു. നേരത്തെ സ്ഥലം സന്ദർശിച്ച മന്ത്രി ഇതുസംബന്ധിച്ച സാധ്യതയെക്കുറിച്ച് ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നു. എന്നാൽ, പൈപ്പ് പ്രായോഗികമല്ലെന്ന സൂചനയാണ് ഉദ്യോഗസ്ഥർ നൽകുന്നത്.
കനാലിലൂടെ ഒഴുകിയെത്തുന്നയത്രയും വെള്ളം പൈപ്പിലൂടെ എത്തിക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ വൈദ്യുതി ഉത്പാദനത്തിൽ കാര്യമായ കുറവ് സംഭവിക്കുമെന്നും ഇവർ പറയുന്നു.നിലവിൽ കോൺക്രീറ്റ് ചെയ്യാത്ത 1.400 കിലോമീറ്റർ കനാൽ പുനർനിർമിക്കുകയാണ് ഏറ്റവും ഉചിതമായ തീരുമാനം.
കേരളത്തിൽ ലക്ഷ്യത്തിന് മുകളിൽ ഉത്പാദനം നടക്കുന്നതും ലാഭകരമായി പ്രവർത്തിക്കുന്നതുമായി പദ്ധതികളിലൊന്നാണ് ബാരാപോൾ. മൂന്ന് ജനറേറ്ററുകളും പ്രവർത്തിക്കുമ്പോൾ 3,60, 000 യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. പ്രതിദിനം 11 ലക്ഷം രൂപയുടെ ഉത്പാദനം. ഉത്പാദനം നിലച്ചതോടെ 25 കോടിയുടെ നഷ്ടമാണ് ബോർഡിന് സംഭവിച്ചത്.
ജൂൺ 26ന് പ്രദേശവാസികളാണ് കനാലിൽ ഗർത്തം രൂപപ്പെട്ടത് കണ്ടെത്തിയത്. ആറുമീറ്റർ ആഴവും നാലുമീറ്റർ വീതിയും ഏഴു മീറ്റർ നീളവുമുള്ള അഗാധ ഗർത്തമാണ് രൂപപ്പെട്ടത്. ഗർത്തം രൂപപെട്ടതിന്റെ താഴ്ഭാഗത്ത് താമസിക്കുന്ന എട്ടോളം കുടുംബങ്ങൾക്ക് ഭീഷണിയായിരിക്കുകയാണ്. കനാലിൽ വർഷങ്ങളായി തുടരുന്ന ചോർച്ച പരിഹരിക്കാതെ ഉത്പാദനം നടത്താൻ അനുവദിക്കില്ലെന്ന് പ്രദേശവാസികൾ അറിയിച്ചിട്ടുണ്ട്. കനാലിന്റെ താഴെ താമസിക്കുന്ന രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടും ചോർച്ച ഗൗരവത്തിലെടുക്കാതിരുന്നത് കാരണമാണ് ഗർത്തം രൂപപ്പെട്ട് ഉത്പാദനം നിർത്തിവയ്ക്കേണ്ടി വന്നതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.