സ്വച്ഛ് സർവേക്ഷൺ 2024: ഗാർബേജ് ഫ്രീ സിറ്റി സ്റ്റാർ റേറ്റിംഗിൽ ഇരിട്ടി നഗരസഭയ്ക്ക് 1 സ്റ്റാർ പദവി
1576894
Friday, July 18, 2025 7:58 AM IST
ഇരിട്ടി: സ്വച്ഛ് സർവേക്ഷൺ 2024 പ്രവർത്തനങ്ങളിൽ ഇരിട്ടി നഗരസഭയുടെ നാഷണൽ റാങ്കിംഗ് 1736ൽ നിന്ന് 250 ആയി ഉയർന്നു. കേരളത്തിൽ ആദ്യമായി ഗാർബേജ് ഫ്രീ സിറ്റി സ്റ്റാർ റേറ്റിംഗിൽ ഇരിട്ടി നഗരസഭ 1 സ്റ്റാർ പദവിയും ഒഡിഎഫ് + സർട്ടിഫിക്കറ്റും നിലനിർത്തി.
കൃത്യമായ ആസൂത്രണം, കൂട്ടായ പ്രവർത്തനങ്ങൾ, മാലിന്യ മുക്ത നവകേരളം കാമ്പയിൻ, ഐഇസി പ്രവർത്തനങ്ങള്‍, കപ്പാസിറ്റി ബിള്‍ഡിംഗ്, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നേട്ടത്തിലേക്ക് എത്താൻ സഹായിച്ചു. മാലിന്യ സംസ്കരണ സംവിധാനങ്ങളിൽ അത്തിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന എംസിഎഫ്, ആർആർഎഫ്, വിൻഡ്രോ കമ്പോസ്റ്റ്, തുമ്പൂർമൂഴി, സി ആൻഡ് ഡി പ്രൊസസിംഗ് പ്ലാന്റ് എന്നിവയുടെ പ്രവർത്തനം മികച്ചതാണ്. മാർക്കറ്റുകളിൽ നിന്ന് ശേഖരിക്കുന്ന ജൈവ മാലിന്യങ്ങൾ നഗരസഭയുടെ വിൻഡ്രോ കമ്പോസ്റ്റിലും തുമ്പൂർമൂഴി യൂണിറ്റിലും സംസ്ക്കരിച്ച് ജൈവാമൃതം എന്ന പേരില്‍ വളമാക്കി കർഷകർക്ക് വില്പന നടത്തിവരുന്നു. ജൈവ മാലിന്യ സംസ്ക്കരണത്തിനായി പദ്ധതി നടപ്പാക്കി വരുന്നു.
ബോധവത്കരണ പ്രവർത്തനങ്ങള്‍, ക്ലീനിംഗ് ഡ്രൈവുകള്‍, ചെറുപട്ടണങ്ങളിലടക്കം നഗരസൗന്ദര്യവത്കരണം തുടങ്ങി ഹരിത കർമസേനയുടെ സഹായത്തോടെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾ ചിട്ടയോടെ നടപ്പാക്കിയതാണ് നേട്ടങ്ങൾക്ക് കാരണം. അനധികൃത മാലിന്യ നിക്ഷേപം തടയുന്നതിനും നടപടി സ്വീകരിക്കുന്നതിനും സിസിടിവി കാമറകൾ സ്ഥാപിച്ചു. നഗര ശുചിത്വം മെച്ചപ്പെടുത്തുന്നതിൽ ഇരിട്ടി നഗരസഭയുടെ പൊതുജന പങ്കാളിത്തത്തോടെ ഉള്ള പ്രവർത്തങ്ങളും വലിയ പങ്ക് വഹിച്ചു.