പട്ടയമേള: ഇരിക്കൂറിൽ 123 പട്ടയങ്ങൾ വിതരണം ചെയ്തു
1576888
Friday, July 18, 2025 7:58 AM IST
കണ്ണൂർ: ഇരിക്കൂർ നിയോജക മണ്ഡല പട്ടയ മേളയിൽ 26 എൽഎ പട്ടയങ്ങളും 97 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളുമുൾപ്പടെ 123 പട്ടയങ്ങൾ വിതരണം ചെയ്തു. പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു.
ഭൂരഹിതരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് അതിവേഗം സഞ്ചരിക്കുന്ന ഈ ഘട്ടത്തിൽ ഡിജിറ്റൽ റവന്യു കാർഡ് എല്ലാവരുടെയും കൈകളിൽ ഈ സാമ്പത്തിക വർഷം തന്നെ എത്തുമെന്ന് മന്ത്രി പറഞ്ഞു. 50 വർഷത്തിലധികമായി നിലനിൽക്കുന്ന പട്ടയ പ്രശ്നങ്ങളാണ് പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെടുത്തി പരിഹരിക്കാൻ സാധിച്ചത്. കഴിഞ്ഞ ഒന്പത് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് നാല് ലക്ഷത്തി ഒന്പതിനായിരത്തോളം പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിച്ചത് ശ്രദ്ധേയമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. അർഹരായവർക്കുള്ള പട്ടയങ്ങൾ എംഎൽഎ വിതരണം ചെയ്തു. ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന, ടി.പി. ഫാത്തിമ, സി.എം കൃഷ്ണൻ, ബേബി ഒടമ്പള്ളിൽ, സാജു സേവ്യർ, കെ.എസ്. ചന്ദ്രശേഖരൻ, വി.പി. മോഹനൻ, ജോജി കന്നിക്കാട്ട്, മിനി ഷൈബി, പി.സി ഷാജി, പി. ശ്രീധരൻ, സി.വി.എൻ. യാസിറ, ഡെപ്യൂട്ടി കളക്ടർ സി. എം. ലത, തളിപ്പറമ്പ ആർഡിഒ സി.കെ. ഷാജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.