മൂർഖനുമായി കുട്ടിക്കളി; ദുരന്തമൊഴിഞ്ഞത് തലനാരിഴയ്ക്ക്
1576905
Friday, July 18, 2025 7:58 AM IST
സ്വന്തം ലേഖകൻ
ഇരിട്ടി: മഴ അവധിക്കിടയിൽ കുട്ടികൾ മൂർഖനുമായി നടത്തിയ കുട്ടിക്കളിയിൽ അപകടമൊഴിഞ്ഞത് തലനാരിഴയ്ക്ക്. മഴ കാരണം അവധി പ്രഖ്യാപിച്ച ഇന്നലെ കുട്ടികൾ കൂട്ടം ചേർന്ന് കളിക്കുന്നതിനിടയിലാണ് പാമ്പ് ഇഴഞ്ഞുപോകുന്നത് ഒരാളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ കളി നിർത്തിയ കുട്ടികൾ പ്ലാസറ്റിക് ഭരണിയുമായെത്തി യുട്യൂബിൽ കണ്ട പാന്പു പിടിത്തം പ്രാവർത്തികമാക്കി.
ഒരാൾ പാമ്പിനെ വാലിൽ പിടിച്ചു തൂക്കി ഭരണിയിലാക്കി അടച്ചു. പാന്പു പിടിത്തം ആവേശത്തിലാക്കിയ കുട്ടികളിലൊരാൾ ഫോട്ടോയെടുത്ത് അമ്മയ്ക്ക് അയച്ചുകൊടുത്തു. പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പിന്റെ ഫോട്ടോ കണ്ടതോടെ ഭയന്ന അമ്മ ടൗണിലെ ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്കു പാഞ്ഞെത്തി. ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് നേരിൽ കണ്ടറിഞ്ഞതോടെയാണ് അവർക്ക് ശ്വാസം നേരേ വീണത്.
മാതാപിതാക്കൾ അറിയിച്ചതിനെ തുടർന്ന് അധികൃതർ എത്തി ഭരണിയിൽ അടച്ച മൂർഖൻ പാമ്പിനെ ആവാസ വ്യവസ്ഥയിൽ തുറന്നുവിട്ടു. പാന്പു കടിയുടെ ഗൗരവം മനസിലാക്കാതെ കുട്ടികൾ നടത്തിയ പാന്പു പിടിത്തത്തിനിടയിൽ കടിയേൽക്കാത്തതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.