തലശേരിയിൽ ലഹരിവേട്ട: രണ്ടുപേർ അറസ്റ്റിൽ
1576903
Friday, July 18, 2025 7:58 AM IST
തലശേരി: നഗരമധ്യത്തിൽ പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ ലോഡ്ജിൽനിന്ന് ലക്ഷങ്ങളുടെ ലഹരിമരുന്നുകളുമായി രണ്ടു പേർ അറസ്റ്റിൽ. തലശേരി സെയ്ദാർ പള്ളി അച്ചാരത്ത് റോഡിലെ നദീം (51), എറണാകളും പള്ളുരുത്തിയിലെ റിഷാദ് (30) എന്നിവരെയാണ് എസ്ഐ ഷമീലും സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 15.49 ഗ്രാം എംഡിഎംഎ, 5.61 ഗ്രാം കഞ്ചാവ്, 3.07 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. ഇവയ്ക്ക് വിപണിയിൽ ലക്ഷങ്ങൾ വില വരും.
തലശേരി എസിപിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ടൗൺ പോലീസും ലഹരി വിരുദ്ധ പ്രത്യേക സ്ക്വാഡും നടത്തിയ പരിശോധനയിൽ പഴയ ബസ് സ്റ്റാൻഡിലെ ഒരുലോഡ്ജിൽ വച്ചാണ് ഇരുവരും പിടിയിലാകുന്നത്.
പോലീസ് ലോഡ്ജിലെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ വാതിൽ തുറന്നില്ല. തുടർന്ന് ബലമായി വാതിൽ തുറന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു നഗരത്തിലെ ലോഡ്ജുകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് പോലീസ് പരിശോധന ആരംഭിച്ചത്. പരിശോധന ഇന്നലെ പുലർച്ചെ വരെ നീണ്ടു.
അറസ്റ്റിലായവരെ കൂടാതെ കൂടുതൽ പേർ ലഹരിക്കേസിൽ ഉൾപ്പട്ടിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ബഗളൂരു ഉൾപ്പടെയുള്ള അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു.