മഴപ്പെയ്ത്തിൽ കണ്ണൂർ; തെക്കൻ ജില്ലകളിൽ മഴ കുറഞ്ഞു
1576904
Friday, July 18, 2025 7:58 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴപ്പെയ്ത്ത് കണ്ണൂര്‍ ജില്ലയില്‍. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജൂൺ ഒന്നു മുതല്‍ ജൂലൈ17 വരെയുള്ള കണക്ക് പ്രകാരം 1637.2 മില്ലിമീറ്റര്‍ മഴയാണ് കണ്ണൂരിൽ ലഭിച്ചത്. കണ്ണൂരിൽ സാധാരണ ലഭിക്കേണ്ട വര്‍ഷപാതം 1387.9 മില്ലിമീറ്റര്‍ ആണ്. എന്നാല്‍ ഇതിനകം ലഭിച്ചതാകട്ടെ നിലവിലുള്ളതിനെക്കാൾ 21 ശതമാനം അധിക മഴ. ജൂലൈ 16 ന് മാത്രം കണ്ണൂർ ജില്ലയിൽ 130.9 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
കേരളത്തിലെ മറ്റു ജില്ലകളെല്ലാം മഴപ്പെയ്ത്തിൽ കുറവ് രേഖപ്പെടുത്തിയപ്പോൾ കണ്ണൂർ ജില്ലയിലും കേന്ദ്രഭരണ പ്രദേശമായ മാഹിയിലുമാണ് കൂടുതൽ മഴ പെയ്തത്. മാഹിയിൽ 1279.1 മില്ലിമീറ്റര്‍ ആണ് ശരാശരി മഴയെങ്കിൽ ഇന്നലെ വരെ ലഭിച്ചതാകട്ടെ 1443.2 എംഎം മഴയാണ്.
13 ശതമാനത്തിന്റെ വർധന. കാസർഗോഡ് ജില്ലയിലാകട്ടെ മഴയിൽ വലിയ കുറവ് ഉണ്ടായിട്ടില്ല. ശരാശരി 1532.6 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 1511.1 മില്ലിമീറ്റര്‍ മഴയാണ്. ഒരു ശതമാനത്തിന്റെ കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്.
വയനാട്, ഇടുക്കി, കോട്ടയം, മലപ്പുറം കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് എന്നിവിടങ്ങളിൽ മഴയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് 370.6 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ വരെ ലഭിച്ചത്. സാധാരണ 426.5 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നതാണ്.എറണാകുളത്ത് 958 മില്ലിമീറ്റര്‍ മഴ ലഭിച്ച പ്പോൾ നിലവിൽ 12 ശതമാനത്തിന്റെ കുറവുണ്ടായി.