മട്ടന്നൂർ നഗരസഭയ്ക്ക് ദേശീയ അംഗീകാരം
1576902
Friday, July 18, 2025 7:58 AM IST
മട്ടന്നൂർ: ശുചിത്വ മാലിന്യ സംസ്കരണം പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടത്തിയതിന് മട്ടന്നൂർ നഗരസഭയ്ക്ക് ദേശീയ അംഗീകാരം. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ തദ്ദേശ മന്ത്രി എം.ബി. രാജേഷ്, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് എന്നിവർ ചേർന്ന് കേന്ദ്ര നഗരകാര്യ മന്ത്രി മനോഹർലാലിൽനിന്ന് പ്രോമിസിംഗ് സ്വച്ഛ് ഷെഹർ അവാർഡ് ഏറ്റുവാങ്ങി.
ആയിരങ്ങളെ പങ്കെടുപ്പിച്ചു നഗരസഭ സംഘടിപ്പിക്കുന്ന മെഗാ ശുചീകരണ കാമ്പയിനുകൾ, മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തന്നെ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ ഹരിത സഭകൾ, ജലസ്രോതസുകളെ വീണ്ടെടുക്കുന്നതിന് നടത്തിയ മെഗാ കാമ്പയിനുകൾ, നഗര സഞ്ചയത്തിൽ ഉൾപ്പെടുത്തി നടത്തിയ ജലസംരക്ഷണ പ്രവർത്തനങ്ങൾ, ഹരിത കർമസേനയെ ശക്തിപ്പെടുത്തി നടത്തിയ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ, ജൈവമാലിന്യ സംസ്കരണത്തിനായി ഏർപ്പെടുത്തിയ പദ്ധതികൾ, ഹരിത പ്രോട്ടോകോൾ യൂണിറ്റുകൾ ആരംഭിച്ച് നടത്തിയ മാലിന്യ ലഘൂകരണ പ്രവർത്തനങ്ങൾ, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന ഹരിത വിദ്യാലയം പദ്ധതികൾ, വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക ബോധവത്കരണ പ്രവർത്തനങ്ങൾ, മതസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ പ്രത്യേകമായി നടത്തിയ പ്രവൃത്തികൾ, നഗരസൗന്ദര്യവൽകരണപ്രവർത്തനങ്ങൾ, ഹെൽത്ത് വിഭാഗം ജീവനക്കാർ തയാറാക്കിയ ആക്ഷൻ പ്ലാൻ, ശുചീകരണ വിഭാഗം തൊഴിലാളികൾ നടത്തിയ കഠിന പ്രയത്നങ്ങൾ, ജനപ്രതിനിധികൾ നടത്തിയ മത്സരാധിഷ്ഠിതമായ ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയെ വിലയിരുത്തിയാണ് പുരസ്കാര നിർണയം നടത്തിയത്.
2016ലാണ് ഇത്തരമൊരു അവാർഡ് കേന്ദ്ര സർക്കാർ നൽകിവരുന്നത്. കഴിഞ്ഞ വർഷംവരെ മട്ടന്നൂർ നഗരസഭ രാജ്യത്ത് 153ാമത്തെ സ്ഥാനത്തായിരുന്നു. ഇത്തവണ 53ാമത്തെ സ്ഥാനം നേടി പ്രോമിസിംഗ് സ്വച്ഛ് ഷെഹർ അവാർഡ് സ്വന്തമാക്കിയത്. ആദ്യമായാണ് മട്ടന്നൂർ നഗരസഭയിലൂടെ കേരളത്തിന് ഈ അവാർഡ് ലഭിക്കുന്നത്.