പാലക്കയംതട്ടിലെ ഭൂമി ഉടമസ്ഥാവകാശം: 5.44 ഏക്കർ ഭൂമി ദേവസ്വത്തിന്റേതെന്ന് വിധി
1576980
Saturday, July 19, 2025 12:39 AM IST
നടുവിൽ: വിനോദസഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിൽ വെള്ളാട്-നടുവിൽ ദേവസ്വത്തിന് ഭൂമിയുണ്ടെന്ന കേസിൽ ദേവസ്വത്തിനനുകൂലമായി കോടതിവിധി. തളിപ്പറമ്പ് മുൻസിഫ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 292/14 സർവേ നമ്പറിൽപ്പെടുന്ന 5.44 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് വിധിയിലൂടെ ദേവസ്വത്തിന് ലഭിച്ചത്. ഡിടിപിസി നടത്തുന്ന ടൂറിസം കേന്ദ്രത്തോട് ചേർന്നാണ് ഭൂമിയുള്ളത്.
2017ൽ അന്നത്തെ വെള്ളാട്-നടുവിൽ ദേവസ്വം ചെയർമാൻ ടി.എൻ. ബാലകൃഷ്ണനാണ് കോടതിയെ സമീപിച്ചത്. ടി. രാജേഷായിരുന്നു അന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ. ക്ഷേത്രരേഖകൾ പ്രകാരം ഇവിടെ കൈയേറ്റം നടുന്നിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നായിരുന്നു അഡ്വ. കെ.ജി.സുനിൽകുമാർ വഴി കേസ് ഫയൽ ചെയ്തത്.
തുടർന്ന് വന്ന ദേവസ്വം ചെയർമാൻ വി. ബിനുവും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സി.എ. അജീഷും കേസ് തുടർന്ന് നടത്തുകയായിരുന്നു. കോടതി നിയോഗിച്ച കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി. പാലക്കയത്തെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഒന്പതു കേസുകളാണ് ദേവസ്വം കൊടുത്തിട്ടുള്ളത്. അതിലൊന്നിലാണ് ഇപ്പോൾ വിധി വന്നത്.