ഉമ്മൻചാണ്ടി അനുസ്മരണ ബോർഡ് നീക്കം ചെയ്തു; തർക്കത്തിനൊടുവിൽ പുനഃസ്ഥാപിച്ചു
1576968
Saturday, July 19, 2025 12:39 AM IST
കണ്ണൂർ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനത്തിന്റെ ബോർഡ് കോർപറേഷൻ ജീവനക്കാർ എടുത്തുമാറ്റി. സംഘാടകർ ചോദ്യം ചെയ്തതോടെ പുനഃസ്ഥാപിച്ചു. ഇന്നലെ രാവിലെ കണ്ണൂർ സ്റ്റേഡിയം കോർണറിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.
മുൻ കോൺഗ്രസ് നേതാവും കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ. രാഗേഷ് നേതൃത്വം നൽകുന്ന രാജീവ്ജി കൾച്ചറൽ ഫോറം സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയുടെ ബോർഡാണ് നീക്കം ചെയ്തത്. തുടർന്ന് പി.കെ. രാഗേഷ് ബോർഡ് മാറ്റിയവരെ കൊണ്ടുതന്നെ ബോർഡ് തിരികെ എത്തിച്ച് മാറ്റിയ സ്ഥലത്ത് പുനഃസ്ഥാപിച്ചു.
ബോർഡുകൾ നീക്കം ചെയ്യണമെന്ന കോർപറേഷൻ അധികൃതരുടെ നിർദേശത്തെ തുടർന്നാണ് തങ്ങൾ ബോർഡുകൾ മാറ്റിയതെന്നാണ് ജീവനക്കാർ പറഞ്ഞത്. ഇന്നലെ രാവിലെ സ്റ്റേഡിയം കോർണറിൽ രാജീവ്ജി കൾച്ചറൽ ഫോറം സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി ആരംഭിക്കാനിരിക്കെയായിരുന്നു ബോർഡ് നീക്കം ചെയ്തത്.
ഇതോടൊപ്പം മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിയുടെ അനുയായികൾ സ്റ്റേഡിയം കോർണറിൽ സ്ഥാപിച്ച കൂറ്റൻ ബോർഡും നീക്കം ചെയ്തു. കോൺഗ്രസ് കഴിഞ്ഞ ദിവസം കണ്ണൂരിൽ സംഘടിപ്പിച്ച സമരസംഗമത്തിന്റെ പോസ്റ്ററിൽ കെ. സുധാകരനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച്സ്ഥാപിച്ച ബോർഡാണിത്.
കെ. സുധാകരൻ തുടരും, കെ. സുധാകരന്റെ സ്ഥാനം പ്രവർത്തകരുടെ നെഞ്ചിലാണ് എന്ന വാചകത്തോടെ ഫോട്ടോയോടു കൂടി സ്ഥാപിച്ച കൂറ്റൻ ബോർഡാണ് നീക്കം ചെയ്തത്. മുൻ കെപിസിസി പ്രസിഡന്റും കണ്ണൂർ എംപിയുമായ കെ. സുധാകരന്റെ ബോർഡ് യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷൻ മാറ്റിയത് ഇതിനകം ചർച്ചയായിട്ടുണ്ട്.
നേരത്തെ സുധാകരനൊപ്പം നിൽക്കുകയും പിന്നീട് ഗ്രൂപ്പ് മാറുകയും ചെയ്ത കോർപറേഷൻ ഭരണസമിതിയിലെ ചില നേതാക്കാളാണ് ബോർഡുകൾ മാറ്റിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. അതേസമയം, അനധികൃതമായി സ്ഥാപിച്ച എല്ലാ ബോർഡുകൾ മാറ്റാനുള്ള തീരുമാന പ്രകാരമാണ് നടപടികളെന്നാണ് കോർപറേഷൻ അധികൃതർ നൽകുന്ന വിശദീകരണം.