വേതനം മുടങ്ങിയതിനെതിരേ തൊഴിലാളികൾ സമരത്തിൽ; മേഘ കമ്പനിക്ക് പുതിയ പ്രതിസന്ധി
1576982
Saturday, July 19, 2025 12:39 AM IST
കാസർഗോഡ്: ദേശീയപാത ചെങ്കള-നീലേശ്വരം റീച്ചിലെ പ്രവൃത്തി നടത്തുന്ന മേഘ എന്‍ജിനിയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന്റെ ഇരുപത്തഞ്ചോളം സബ് കോണ്ട്രാക്ടര്മാരുടെ കീഴിലുള്ള തൊഴിലാളികള്‍ നാലു മാസമായി കുടിശികയുള്ള വേതനം ആവശ്യപ്പെട്ട് പണിമുടക്കി. മൈലാട്ടിയിലെ മേഘയുടെ ക്യാമ്പ് ഓഫീസിന് പുറത്ത് പ്രതിഷേധിച്ച തൊഴിലാളികള്‍ കുടിശിക തീര്‍ക്കുന്നതുവരെ ജോലിയില്‍ പ്രവേശിക്കില്ലെന്ന് പറഞ്ഞു.
25നകം പേയ്മെന്റുകള്‍ തീര്‍ക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് എംഇഐഎല്ലിന്റെ ലെയ്സണും വിജിലന്‍സ് ഓഫീസറുമായ അബ്ദുള്‍ നിസാര്‍ പറഞ്ഞു. "അവര്‍ ഞങ്ങളുടെ നേരിട്ടുള്ള ജീവനക്കാരല്ല, പക്ഷേ അവരുടെ കുടിശിക തീര്‍ക്കാന്‍ ഞങ്ങള്‍ സമ്മതിച്ചിട്ടുണ്ട്'- അദ്ദേഹം പറഞ്ഞു. ലോജിസ്റ്റിക്സ്, മണ്ണുനീക്കം, കോണ്‍ക്രീറ്റ്, റോഡ് നിര്‍മാണം തുടങ്ങിയ വിവിധ ജോലികള്‍ സബ് കോണ്‍ട്രാക്ടര്‍മാരാണ് ചെയ്യുന്നത്.
മേഘയുടെ സ്വന്തം തൊഴിലാളികള്‍ ജോലി തുടരുന്നതിനാല്‍ ഈ മേഖലയിലെ മൊത്തത്തിലുള്ള പുരോഗതിയെ ഇതു ബാധിക്കുന്നില്ലെന്നും നിസാര്‍ കൂട്ടിച്ചേര്‍ത്തു. തൊഴിലാളികളുടെ പ്രതിഷേധത്തെ സബ് കോണ്‍ട്രാക്ടര്‍മാര്‍ സ്വന്തം പരാതികള്‍ ഉന്നയിക്കാന്‍ ഉപയോഗിക്കുകയാണെന്ന് മറ്റൊരു മേഘയുടെ ഉദ്യോഗസ്ഥന് അവകാശപ്പെട്ടു.
മേഘ കണ്‍സ്ട്രക്ഷന്‍സ് സബ്കോണ്ട്രാക്ടര്മാരുടെ ബില്ലുകള്‍ തീര്‍പ്പാക്കാത്തതിനാല്‍ തൊഴിലാളികള്‍ക്കുള്ള വേതനവിതരണത്തെ ബാധിച്ചു.അതേസമയം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് 1,704.12 കോടി രൂപയ്ക്ക് വികസിപ്പിച്ച തലപ്പാടി-ചെങ്കള 39 കിലോമീറ്റര്‍ റീച്ച് ഏതാണ്ട് പൂര്‍ത്തിയായതായും 31നു മുമ്പ് ഉദ്ഘാടനം ചെയ്യുമെന്നും ഒരു എക്സിക്യൂട്ടീവ് പറഞ്ഞു.
എന്നാല്‍ മേഘയുടെ ചെങ്കള മുതല്‍ നീലേശ്വരം വരെയും (37 കിലോമീറ്റര്‍) നീലേശ്വരം മുതല്‍ തളിപ്പറമ്പ് വരെയും (40 കിലോമീറ്റര്‍) വരെയുള്ള പാതകള്‍ ഷെഡ്യൂളില്‍ വളരെ പിന്നിലാണ്. എംഇഐഎല്ലിന് 1,697.55 കോടി രൂപയ്ക്ക് നല്കിയ ചെങ്കള-നീലേശ്വരം റീച്ച് തുടക്കത്തില്‍ 2024 ഏപ്രില്‍ 15നു പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരുന്നു.
പുതുക്കിയ സമയപരിധി ഇപ്പോള്‍ 2026 മാര്‍ച്ച് 31 ആണ്. അതുപോലെ, 2,251 കോടി രൂപയ്ക്ക് നിര്‍മിക്കുന്ന നീലേശ്വരം-തളിപ്പറമ്പ് പാത 2024 ജനുവരി 11നു പൂര്‍ത്തിയാകേണ്ടതായിരുന്നു. അതിന്റെ പുതിയ സമയപരിധി 2026 മാര്‍ച്ചാണ്. നിലവിലുണ്ടാകുന്ന വേതന പ്രതിഷേധം സമയപരിധ കൂടുതല്‍ നീട്ടാന്‍ കാരണമാകും. ചെങ്കള-നീലേശ്വരം റീച്ചിലെ പാര്‍ശ്വഭിത്തി തകര്‍ന്നതിനെതുടര്‍ന്ന് പുതുതായി ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ദേശീയപാത അഥോറിറ്റി മേഘയെ വിലക്കിയിട്ടുണ്ട്.